രാജിവെച്ച എട്ട് ആംആദ്‌മി എം.എൽ.എമാരും ബി.ജെപിയിൽ

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ആം ആദ്മി പാർടിയിൽ നിന്നും രാജിവെച്ച എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവരായിരുന്നു രാജിവെച്ചത്. നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ) എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്. ഇതോടൊപ്പം മുൻ എംഎൽഎ വിജേന്ദ്ര ഗാർഗ്, കോർപ്പറേഷൻ കൗൺസിലർ അജയ് റായ്, സുനിൽ ഛദ്ദ എന്നിവരും ബിജെപിയിൽ ചേർന്നു.ഫെബ്രുവരി അഞ്ചിന് ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയപ്പോൾ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയായിരുന്നു രാജി.നരേഷ് യാദവ് നേരത്തെ മെഹ്‌റൗളി സ്ഥാനാർഥിയായിരുന്നു. ഡിസംബറിൽ ഖുറാൻ അവഹേളനക്കേസിൽ പഞ്ചാബ് കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും രണ്ട് വർഷത്തെ തടവിന് വിധിക്കുകയും ചെയ്തു. ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ അഞ്ചാമത്തെ പട്ടിക എഎപി പുറത്തിറക്കിയപ്പോൾ, നരേഷ് യാദവിന് പകരം മഹേന്ദർ ചൗധരിയെ മെഹ്‌റൗളി സ്ഥാനാർത്ഥിയായി പാർടി പ്രഖ്യാപിച്ചു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം ആംആദ്‌മി അഴിമതിയുടെ ചതുപ്പുനിലത്തിൽ കുടുങ്ങിയിരിക്കുകയാണെന്ന് നരേഷ് യാദവ് പറഞ്ഞിരുന്നു.