ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി എം.കെ.കൃഷ്ണന്‍ അന്തരിച്ചു

Share our post

വടകര: ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ് സംഘാടകനും അയിത്തോച്ചാടന പ്രവര്‍ത്തകനുമായിരുന്ന മേമുണ്ടയിലെ മീത്തലെ കുരുന്നംമനക്കല്‍ എം.കെ.കൃഷ്ണന്‍ (111) അന്തരിച്ചു. നൂറ് വയസിന് ശേഷവും കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു ഇദ്ദേഹം.1946 ഒക്ടോബര്‍ 16-ന് ലോകനാര്‍കാവ് ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നുകൊടുക്കുന്ന ചടങ്ങിന്റെ പ്രാദേശികമായ ഒരുക്കങ്ങള്‍ക്ക് ഇദ്ദേഹം മുന്നില്‍നിന്നു. മദ്രാസ് മുഖ്യമന്ത്രി ടി.പ്രകാശം, കെ.കേളപ്പന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രപ്രവേശനത്തിന് ശേഷം ക്ഷേത്രക്കുളത്തിലിറങ്ങി ആദ്യം കുളിച്ചവരില്‍ ഇദ്ദേഹവുമുണ്ടായി. ഇതിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പിന്നീട് കുറെക്കാലം ഒളിവില്‍ കഴിയേണ്ടിവന്നു.

14-ാം വയസില്‍ സ്വാതന്ത്ര്യസമരസേനാനി കക്കണ്ടി കുഞ്ഞിരാമക്കുറുപ്പില്‍നിന്നാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മാഹി വിമോചനസമരത്തില്‍ വൊളന്റിയറായി. സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദിച്ചു. ഇതിന് സമുദായവിലക്കും നേരിട്ടു. 1950ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും 1971ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. 110-ാം വയസ് വരെയും കോണ്‍ഗ്രസ് വേദികളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്കൊപ്പം പോളിങ് ബൂത്തില്‍ പോയാണ് വോട്ട് രേഖപ്പെടുത്തിയത്.ഭാര്യ: മാക്കം അമ്മ. മക്കള്‍: കാര്‍ത്ത്യായനി, ഭാര്‍ഗവി, രഘുപതി, വിനോബന്‍, രാജീവന്‍, മുരളി, വിശ്വനാഥന്‍, പത്മനാഭന്‍ (ബഹ്റിന്‍). മരുമക്കള്‍: സദാശിവന്‍, ശ്രീജ, ബിന്ദു, പ്രസീത, റീന, ലീന, പരേതരായ മാധവന്‍, ഉണ്ണി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!