പൊലിയുന്നു ജീവനുകൾ, ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടെ

കണ്ണൂർ: ഒരു നിമിഷനേരത്തെ അശ്രദ്ധയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ജീവൻ പൊലിയുന്നത് വർധിക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനുമിടെ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ വീണ് ഒന്നരമാസത്തിനിടെ മൂന്നു പേരാണ് മരിച്ചത്.അപകടത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം നിരവധി. ബുധനാഴ്ച ട്രെയിനിൽ കയറുന്നതിനിടെ വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. ഇരിട്ടി ഉളിയിൽ സ്വദേശിയുടെ കാലുകൾ അറ്റു.രാത്രി 8.39ന് കണ്ണൂരിലെത്തിയ തിരുനെൽവേലി-ദാദർ എക്സ്പ്രസിൽനിന്ന് ഇറങ്ങി കയറാൻ ശ്രമിക്കവെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് നവി മുംബൈ സ്വദേശി ചവൻ (42) ആണ് മരിച്ചത്. മധുരയിൽനിന്ന് പൻവേലിലേക്ക് യാത്രക്കിടെ ബി-വൺ കോച്ചിൽ നിന്ന് പുറത്തിറങ്ങി. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ചാടിക്കയറുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. ഇതേ ദിവസം പുലർച്ച 1.10ന് നടന്ന അപകടത്തിലാണ് ഇരിട്ടി ഉളിയിൽ സ്വദേശിയുടെ കാലുകൾ അറ്റത്.
കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലിക്കാണ് (32) ഗുരുതര പരിക്കേറ്റത്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.ഡിസംബർ 30ന് ഉച്ചക്ക് ഒന്നരയോടെ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചിരുന്നു. യശ്വന്തപുരം-മംഗളൂരു വീക്ക്ലി എക്സ്പ്രസിൽനിന്ന് വീണാണ് അപകടം. ഇതേ മാസം 20ന് ഉച്ചക്ക് കണ്ണൂർ -എറണാകുളം ഇന്റർസിറ്റിയിൽ കയറുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചു. നാറാത്ത് സ്വദേശി കാസിമാണ് ട്രാക്കിനും വണ്ടിക്കും ഇടയിൽ കുടുങ്ങി മരിച്ചത്.ഒക്ടോബർ രണ്ടിന് രാവിലെ 10.50ന് കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറിയ യുവാവ് ട്രെയിനിന് അടിയിൽപെട്ട് തൽക്ഷണം മരിച്ചിരുന്നു.
ചായകുടിയിൽ ജീവിതം അവസാനിക്കരുത്
യാത്രക്കിടെ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ ചായകുടിക്കാനും സാധനങ്ങൾ വാങ്ങാനുമായി ഇറങ്ങുന്നത് അപകടം വരുത്തിവെക്കും. കുറഞ്ഞ സമയം മാത്രമാണ് വണ്ടികൾ സ്റ്റേഷനിൽ നിർത്തുന്നത്. ട്രെയിൻ പുറപ്പെടാനാകുമ്പോൾ ചായക്കപ്പും മൊബൈൽ ഫോണുമായി അശ്രദ്ധമായി കയറുമ്പോൾ വീഴാനുള്ള സാധ്യതയേറെയാണ്.ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അപകടത്തിൽപെട്ട സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ യാത്രക്കാരുടെ അശ്രദ്ധ വ്യക്തമാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് മിക്ക അപകടങ്ങളും. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ജീവൻ തിരിച്ചുകിട്ടിയവർ ഏറെയാണ്.
നവംബർ മൂന്നിന് കണ്ണൂരിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ വിദ്യാർഥിനി ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഒന്നാം പ്ലാറ്റ്ഫോമിലെ കടയിൽ ബിസ്കറ്റ് വാങ്ങുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് ശ്രദ്ധയിൽപെട്ട പെൺകുട്ടി സ്ലീപ്പർ കമ്പാർട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു.സെപ്റ്റംബർ 26ന് തലശ്ശേരി റെയില്വേ സ്റ്റേഷനില് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ കാല് വഴുതി പുറത്തേക്ക് വീണ വയോധികന് രക്ഷകനായത് പൊലീസുകാരനാണ്. കഴിഞ്ഞ മാർച്ചിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചായവിൽപനക്കാരൻ ഷറഫുദ്ദീൻ ചായ വിൽപനക്കിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.