മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷനിൽ തീവെട്ടിക്കൊള്ള തട്ടിയത് 1.77 കോടി

Share our post

കണ്ണൂർ:ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽ മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷൻ നടത്തിയത്‌ തീവെട്ടിക്കൊള്ള. നീക്കംചെയ്‌ത ഖരമാലിന്യത്തിന്റെ അളവ്‌ കൂട്ടിക്കാണിച്ചാണ്‌ വൻവെട്ടിപ്പ്‌ നടത്തിയത്‌. എജി റിപ്പോർട്ടിലാണ്‌ കരാറിന്റെ മറവിൽ കോർപറേഷൻ നടത്തിയ ക്രമക്കേടുകൾ അക്കമിട്ടുനിരത്തിയത്‌. ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽനിന്ന്‌ 73,502 ക്യൂബിക്‌ മീറ്റർ ഖരമാലിന്യം നീക്കംചെയ്യാൻ കരാറെടുത്ത കമ്പനിക്ക്‌ കോർപറേഷൻ നൽകിയത്‌ മൂന്ന്‌ ബില്ലുകളിലായി 2.63 കോടി രൂപയാണ്‌. എന്നാൽ കോഴിക്കോട്‌ എൻ.ഐ.ടിയുടെ പരിശോധനയിൽ 24,042 ക്യൂബിക്‌ മീറ്റർ മാലിന്യമേ നീക്കിയിട്ടുള്ളൂവെന്ന്‌ കണ്ടെത്തി. ഇതിന്‌ നഗരസഭ നേരത്തേ നിശ്‌ചയിച്ച നിരക്കിൽ നൽകേണ്ടത്‌ 86.07 ലക്ഷം രൂപമാത്രമാണ്‌. 1.77 കോടി രൂപ അധികം നൽകിയതായാണ്‌ കണ്ടെത്തിയത്‌. ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിലെ ഖരമാലിന്യങ്ങൾ നീക്കുന്നതിന്‌ റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സ്‌, ജൻ ആധാർ സേവാ ഭാരത്‌, മഹീന്ദ്രാ അസോസിയറ്റ്‌സ്‌ എന്നീ കമ്പനികളുടെ കൺസോർഷ്യത്തിനാണ്‌ കണ്ണൂർ കോർപറേഷൻ കരാർ നൽകിയത്‌.

2022 മെയ്‌ ഏഴിന്‌ ഒപ്പിട്ട കരാറിന്റെ കാലാവധി ഒരുവർഷമായിരുന്നു. എന്നാൽ 2023 ഡിസംബർ 31വരെ കാലാവധി നീട്ടിനൽകി. കരാർ നൽകിയ കൺസോർഷ്യത്തിനെതിരെ അന്നുതന്നെ പരാതിയുയർന്നിരുന്നു. മൂന്ന്‌ വർഷം പ്രവർത്തന പരിചയമുള്ള കമ്പനികളെയാണ്‌ പരിഗണിക്കേണ്ടതെന്നിരിക്കെ ഇത്‌ കാറ്റിൽപ്പറത്തിയാണ്‌ കരാർ നൽകിയത്‌. ബയോമൈനിങ്ങ്‌ നടത്തി ക്യൂബിക്‌ മീറ്ററിന്‌ 640 രൂപ നിരക്കിൽ മാലിന്യം നീക്കംചെയ്‌ത്‌ ഭൂമി കൈമാറണമെന്നായിരുന്നു കരാർ. എന്നാൽ കരാർവച്ച്‌ രണ്ടുവർഷവും ഏഴുമാസവും കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല. 73,502 ക്യൂബിക്‌മീറ്റർ മാലിന്യം നീക്കിയെന്നാണ്‌ കോർപറേഷന്‌ കമ്പനി കണക്ക്‌ നൽകിയത്‌. ഇതുപ്രകാരം കോർപറേഷൻ തുകയും കൈമാറി. കോർപറേഷന്റെ എം ബുക്കിൽ 73,502 ക്യൂബിക്‌ മീറ്റർ ഖരമാലിന്യം നീക്കം ചെയ്‌തതായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാൽ കോഴിക്കോട്‌ എൻഐടി നടത്തിയ ഡ്രോൺ പരിശോധനയിൽ 24,042 ക്യൂബിക്‌ മീറ്റർ മാലിന്യമേ നീക്കം ചെയ്‌തിട്ടുള്ളൂവെന്ന്‌ കണ്ടെത്തി. 49,460 ക്യൂബിക്‌ മീറ്റർ മാലിന്യം നീക്കം ചെയ്‌തുവെന്നത്‌ കെട്ടിച്ചമച്ച കണക്കാണെന്നാണ്‌ എജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്‌.

മണ്ണും പ്ലാസ്‌റ്റിക്കും വേർതിരിക്കൽമാത്രമാണ്‌ കൂടുതലായും ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽ കമ്പനികൾ നടത്തിയത്‌. മാലിന്യത്തിന്റെ നാലിലൊന്നുപോലും നീക്കിയിട്ടില്ല. പുറത്തേക്ക്‌ കൊണ്ടുപോകുന്ന ലോഡുകൾ രേഖപ്പെടുത്താറുമില്ല. വ്യാഴാഴ്‌ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ വികസന സ്ഥിരംസമിതി ചെയർമാനടക്കം ചേലോറയിൽ നടന്നത്‌ വൻ അഴിമതിയാണെന്ന ആരോപണം ഉന്നയിച്ചു. യോഗത്തിൽ അജൻഡയായിരുന്ന വിഷയം ചർച്ചചെയ്യാതെ മാറ്റിവയ്‌ക്കാൻ ഭരണപക്ഷം ശ്രമിച്ചത്‌ വൻപ്രതിഷേധത്തിനാണ്‌ ഇടയാക്കിയത്‌. കമ്പനികളെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാവശ്യപ്പെട്ട്‌ കോടതിയിൽ പോയാണ്‌ കോർപറേഷൻ റോയൽ വെസ്‌റ്റേൺ പ്രൊജക്ട്‌സ്‌ അടക്കമുള്ള കമ്പനികളുമായി കരാറിലെത്തിയത്‌. അതേസമയം കൺസോർഷ്യത്തിലെ ഒരു കമ്പനിക്ക്‌ പണം കൈമാറിയതും വിവാദമായിട്ടുണ്ട്‌. ടി ഒ മോഹനൻ മേയറായിരിക്കെയാണ്‌ ഈ കമ്പനികളുടെ കൺസോർഷ്യവുമായി കരാറൊപ്പിട്ടത്‌. നിലവിൽ മുസ്ലിം ലീഗിലെ മുസ്ലിഹ്‌ മഠത്തിലാണ്‌ മേയർ. നേരത്തേയുണ്ടാക്കിയ കരാറിലെ വെട്ടിപ്പ്‌ പുറത്തുവന്നതോടെ ഉത്തരം പറയേണ്ട ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ്‌ ലീഗ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!