കരുണയുണ്ട്‌..രമണനുണ്ട്‌ ബിജുവിന്റെ വരയിൽ-ഏതുചുവരും കളർഫുൾ

Share our post

കണ്ണൂർ:വർണങ്ങൾ വിസ്‌മയം തീർക്കുന്ന ചുവർചിത്രകലയിൽ പുതുവഴികളിലൂടെ സഞ്ചരിക്കുകയാണ്‌ ചിത്രകാരൻ ബിജു പാണപ്പുഴ. ആശയങ്ങളിലും രചനാരീതികളും വേറിട്ട വരകളാണ്‌ ഇദ്ദേഹത്തിന്റെ കലാജീവിതം അടയാളപ്പെടുത്തുന്നത്‌. കലയെ നവീകരിക്കുകയും പുതുപരീക്ഷണങ്ങളിലൂടെ ജനകീയമാക്കുകയും ചെയ്യാനുള്ള കലാകാരന്റെ ഉത്തരവാദിത്വങ്ങളാണ്‌ ഇദ്ദേഹത്തിന്റെ സൃഷ്‌ടികളുടെ ചാരുത കൂട്ടുന്നത്‌. 25 വർഷക്കാലമായി ബിജു ചുവർചിത്രരചനാരംഗത്തുണ്ട്‌. ചിത്രകല പഠിച്ചുവെങ്കിലും സാമ്പ്രദായിക രചനാ സങ്കൽപ്പനങ്ങളെ ഭേദിക്കുന്ന പുതുരീതികൾ അവലംബിച്ചാണ്‌ രചനാജീവിതം വളർന്നത്‌. പുരാണകഥാപാത്രങ്ങളിലും കഥാസന്ദർഭങ്ങളിലും മാത്രം ഒതുങ്ങിനിന്ന ചുവർചിത്രരചനാരീതികളെ പാടേ മാറ്റി വരയ്‌ക്കുകയായിരുന്നു ബിജു.

വിഖ്യാതസാഹിത്യകൃതികളും കവിതകളും ബിജുവിന്റെ വിഷയമാകുന്നു. കുമാരനാശാന്റെ ‘കരുണ’ എന്ന കൃതി 30ചിത്രങ്ങളായാണ്‌ വരച്ചത്‌. കന്നഡഭാഷയിലെ പ്രശസ്ത നോവലായ ‘ഭുജംഗയ്യന്റെ ദശാവതാരങ്ങളും’ വരച്ചു. ചങ്ങമ്പുഴയുടെ ‘രമണൻ’ മുതൽ അനിൽ പനച്ചൂരാന്റെ കവിത ‘സുരഭി’വരെ പ്രമേയമായി. ബംഗളുരു ധർമശാസ്‌ത്രഗിരി അയ്യപ്പക്ഷേത്രത്തിലും റാഞ്ചി കുസുംദാഹ ക്ഷേത്രസമുച്ചയത്തിലുമുൾപ്പെടെ ഇന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിൽ ബിജു ചുവർചിത്രം വരച്ചിട്ടുണ്ട്‌. പത്മനാഭക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്‌ണക്ഷേത്രം, കോട്ടയത്തെ ഗോവിന്ദപുരം ശ്രീകൃഷ്‌ണക്ഷേത്രം, പാടിയോട്ടുചാൽ നരമ്പിൽ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും ചുവർചിത്രം വരച്ചിട്ടുണ്ട്‌.

കാനായി കാരിക്കാട്‌ മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പന്റെ ഐതിഹ്യകഥയും ചുവർചിത്രമായി വരച്ചിട്ടുണ്ട്‌. ചുവർചിത്രരചന ആധികാരികമായി പഠിക്കേണ്ട കലയാണെന്ന്‌ ബിജു പാണപ്പുഴ പഞ്ഞു. വിദേശരാജ്യങ്ങളിലുൾപ്പടെ നാൽപ്പതിൽപരം ചിത്രപ്രദർശനത്തിൽ ബിജു പങ്കെടുത്തിട്ടുണ്ട്‌. ഡൽഹിയിൽ ബിജുവിന്റെ ആറാമത്തെ ചിത്രപ്രദർശനം ലളിതകലാ അക്കാദമി ഹാളിൽ ഒന്നു മുതൽ ഏഴുവരെ നടക്കും. പാണപ്പുഴയിലെ പരേതനായ കെ ജി ഹരിദാസിന്റെയും ഓമനയുടെയും മകനാണ്‌. പയ്യന്നൂർ കാനായിയിലാണ്‌ താമസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!