വിരൽത്തുമ്പിൽ ലഭിക്കും വിവരങ്ങൾ; വൈറലായി അക്ഷയ

പൊതുജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ സമൂഹമാധ്യമത്തിന്റെ പുതുവഴികൾ ഉപയോഗപ്പെടുത്തി ശ്രദ്ധ നേടി അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിൽ ക്രിയാത്മകമായ റീലുകൾ, സ്റ്റോറികൾ, പോസ്റ്ററുകൾ, ട്രോളുകൾ എന്നിവ പങ്കുവച്ചാണ് ഓൺലൈൻ സേവനങ്ങളുടെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു ആശയം അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് കൊണ്ടുവരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇത് പ്രാവർത്തികമാക്കിയത്. ഇതിനകം നൂറോളം പോസ്റ്റുകൾ പങ്കുവച്ചു. ഇതിന് നിരവധി കാഴ്‌ചക്കാരുമുണ്ട്. ജില്ലാ പ്രൊജക്ട് മാനേജർ കപിൽദേവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്റർ ബി സന്തോഷ് കുമാർ, ബ്ലോക്ക് കോഡിനേറ്റർ എ. വി ബാബു, യുഐഡിഎഎൽ അഡ്മിൻ നിത്യ ഗോപി, ബ്ലോക്ക് കോഡിനേറ്റർ ശ്രീനിവാസ് നായിക്, ഗ്രേസി തോമസ്, കെ അശോക്, കെ പുഷ്പലത, പ്രൊജക്ട് അസിസ്റ്റന്റ് ശാലിനി എന്നിവരുടെ സഹകരണത്തോടെയാണ് റീലുകളും പോസ്റ്ററും നിർമിക്കുന്നത്. അവതരിപ്പിക്കേണ്ട വിഷയങ്ങൾ തലേന്ന് എഴുതി തയ്യാറാക്കി പഠിക്കുന്നു. ശേഷം ജോലിക്കിടയിലെ ഇടവേളകളിലും ജോലി സമയത്തിന് ശേഷവുമാണ് ചിത്രീകരണം. വിവിധ അക്ഷയ പ്രവർത്തനങ്ങൾ, അക്ഷയ ബിഗ് ക്യാമ്പയയിൻ ഫോർ ഡോക്യൂമെന്റ് ഡിജിറ്റിലൈസേഷൻ, ആധാർ, കൃഷി, സ്കോളർഷിപ്പുകൾ, കെഎസ്‌ഇബി , കേന്ദ്ര സർക്കാർ സേവനങ്ങൾ, സ്വകാര്യ സേവനങ്ങൾ എന്നിവയാണ് ജനങ്ങളിൽ എത്തിക്കുന്നത്. മലയാളം കൂടാതെ കന്നഡ, മറാത്തി ഭാഷകളിലും കണ്ടന്റുകൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ.