മറക്കാനാവുമോ ആ മാസ്ക് യുഗം! കേരളത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് വർഷം അഞ്ച് തികഞ്ഞു

Share our post

തിരുവനന്തപുരം : ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ വ്യാഴാഴ്ച അഞ്ചാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ കേസ്‌ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30ന്‌. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം ബാധിച്ചത്‌.കോവിഡിനൊപ്പം നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി കടന്നുപോയ ആ നാളുകൾ കേരളം മറക്കില്ല. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ അഞ്ചുവർഷത്തിൽ സംസ്ഥാനം നേരിട്ടു. എന്നാൽ ചികിത്സ കിട്ടാതെയൊ ഓക്സിജൻ കിട്ടാതെയോ ഒരു രോഗിക്കുപോലും സംസ്ഥാനത്തെവിടെയും ആശുപത്രി വരാന്തയിൽ കിടക്കേണ്ടിവന്നില്ല. കൃത്യമായ നടപടികളിലൂടെ കോവിഡിനെ പ്രതിരോധിക്കാനായി.

2020 ഫെബ്രുവരി രണ്ടിനാണ്‌ രണ്ടാം കേസ്‌ സ്ഥിരീകരിച്ചത്‌. പിന്നീട്‌ ഏകദേശം രണ്ട്‌ മാസങ്ങൾക്കുശേഷം മാർച്ച്‌ 30ന്‌ സംസ്ഥാനത്ത്‌ ആദ്യ കോവിഡ്‌ മരണവും സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നിന്‌ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചാണ്‌ കേരളം പ്രതിരോധം ശക്തമാക്കിയത്‌. മാർച്ച്‌ എട്ടിന്‌ ഇറ്റലിയിൽ നിന്നെത്തിയവരുൾപ്പെടെ അഞ്ച്‌ റാന്നി സ്വദേശികൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേക്ക്‌ പോയി.

മാർച്ച്‌ 24ന്‌ സംസ്ഥാനത്ത്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. രാജ്യത്ത്‌ ആദ്യം അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സംസ്ഥാനവും കേരളമാണ്‌. അഞ്ചുവർഷത്തിൽ 68.49 ലക്ഷം പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്. 72,137 മരണവും സ്ഥിരീകരിച്ചു. 2023ൽ രോഗസ്ഥിരീകരണത്തിൽ കുറവുണ്ടായി. വാക്സിൻ എത്തിയതോടെ കോവിഡ്‌ ഭീതിയകന്നു.

കോവിഡാനന്തരം ഗുരുതരപ്രശ്നങ്ങൾ

കോവിഡ്‌ ഭേദമായ ശേഷവും ആരോഗ്യപ്രശ്നങ്ങൾ വിടാതെ പിന്തുടർന്നവരുടെ എണ്ണവും കൂടുതലാണ്‌. ആകെ രോഗം ബാധിച്ചവരിൽ 10 ശതമാനം പേരിലെങ്കിലും “ലോങ്‌ കോവിഡ്‌’ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്‌. ശ്വാസംമുട്ടൽ, ചുമ, പനി പോലെയുള്ള ലക്ഷണങ്ങൾ ആഴ്‌ചകളും മാസങ്ങളും തുടർന്ന കേസുകളുമുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!