കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Share our post

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്.ഫയര്‍ഫോഴ്സ് സംഘമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം. വിന്‍സെന്‍റ് എം.എൽ.എ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്‍.പി പറഞ്ഞു.

കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും എം.എൽ.എ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ ഉടൻ ഇവിടെ എത്തുകയായിരുന്നു. ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു.

അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം. വിന്‍സെന്‍റ് എം.എൽ.എ പറഞ്ഞു. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മയുടെ സഹോദരന്‍റെ മുറിയിലായിരുന്നു കുട്ടിയെന്നും അമ്മ പറഞ്ഞു. വിന്‍സെന്‍റ് എം.എൽ.എ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അടിമുടി ദുരൂഹതയുള്ളതിനാലാണ് പൊലീസ് സംശയിക്കുന്നയാളെ ചോദ്യം ചെയ്യുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!