ചോറ്റാനിക്കരയിൽ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ആൺസുഹൃത്ത് അറസ്റ്റിൽ

കൊച്ചി: ചോറ്റാനിക്കരയിൽ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തലയോലപ്പറമ്പ് സ്വദേശി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അനൂപ് പെൺകുട്ടിയെ അതിക്രൂരമായാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അറസ്റ്റിലായ അനൂപ് ലഹരി കേസിൽ അടക്കംപ്രതിയാണ്. ഇയാൾ വീട്ടിൽ വരുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ശനിയാഴ്ച രാത്രി 10.15ഓടെയാണ് അനൂപ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ഇവർ തമ്മിൽ തർക്കം ഉണ്ടായി. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ഉണ്ടായ സൗഹൃദം ചോദ്യം ചെയ്ത് മർദ്ദിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി മരിച്ചുവെന്ന് കരുതി അനൂപ് സ്ഥലത്തുനിന്ന് കടന്ന് കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.