നടനും നർത്തകനുമായ അവ്വൈയ് സന്തോഷ് ബൈക്കപകടത്തിൽ മരിച്ചു

Share our post

കിഴക്കമ്പലം: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകൻ പള്ളിക്കര മലേക്കുരിശ് കണ്ടത്തിൽ സന്തോഷ് ജോൺ (43) ആലുവ ദേശത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. പട്ടാമ്പിയിൽ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാത്രി 1-ന് അപകടത്തിൽ പെട്ടത്.‘അവ്വൈ ഷണ്മുഖി’ എന്ന സിനിയിലെ കമലഹാസന്റെ കഥാപാത്രത്തിന്റെ വേഷത്തിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായിരുന്നു സന്തോഷ്. മികച്ച രീതിയിൽ നൃത്തം ചെയ്തതിന്‌ കമലഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചു. പിന്നീട് അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. ചെറുപ്പം മുതൽ പ്രത്യേകതരം ഡാൻസ്, മാജിക് എന്നിവയിൽ മികവുതെളിയിച്ച് സന്തോഷ് ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മൈഡിയർ കുട്ടിച്ചാത്തൻ, സകലകലാ വല്ലഭൻ, കുട്ടിയും കോലും, സത്യം ശിവം സുന്ദരം, അപരന്മാർ നഗരത്തിൽ, സ്പാനിഷ് മസാല തുടങ്ങിയവ അതിൽ ചിലതാണ്. ജയറാം, നാദിർഷാ, കലാഭവൻ മണി എന്നിവരോടൊപ്പം ഒട്ടേറെ രാജ്യങ്ങളിൽ സന്തോഷ് സ്റ്റേജ് പ്രോഗ്രമുകളിൽ പങ്കെടുത്തിട്ടുണ്ട്. പരേതനായ കെ. ജോണിന്റെയും ലീലാമ്മയുടെയും മകനാണ് സന്തോഷ്.അമ്മ ലീലാമ്മയുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമത്തിൽ വൈറലായിട്ടുണ്ട്. സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്. ഭാര്യ: ഷീന. മക്കൾ: അലീന, ജോണൽ. സംസ്‌കാരം ശനിയാഴ്ച 2-ന് കിഴക്കമ്പലം സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!