ട്രംപ് നാടുകടത്തുമെന്ന് ഭയം; യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട്ട്‌ടൈം ജോലി ഉപേക്ഷിച്ചേക്കും

Share our post

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കോളേജ് പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലി ചെയ്താണ് വിദ്യാര്‍ഥികള്‍ ചെലവിനുള്ള പണം കണ്ടെത്തുന്നത്. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെയാണ് കാമ്പസില്‍ ജോലി (ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്,ബുക്ക് സ്‌റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്‌നസ് അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ്) ചെയ്യാന്‍ സര്‍ക്കാര്‍ അനുവാദമുള്ളത്. എന്നാല്‍ വാടക, ഭക്ഷണം, മറ്റ് ജീവിതച്ചെലവുകള്‍ എന്നിവയ്ക്കായി പല വിദ്യാര്‍ത്ഥികളും പലപ്പോഴും കാമ്പസിന് പുറത്തുള്ള റെസ്റ്റോറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, അല്ലെങ്കില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കേണ്ടി വരികയാണ്. അവരവിടെ ജോലി ചെയ്യുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളുണ്ടാകാറില്ല. ഇത് ചട്ടവിരുദ്ധമായാണ് കണക്കാക്കുന്നത്.

ട്രംപ് സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതോടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ ഗുരുതരമായി ബാധിക്കും. നിയമത്തെ മറികടന്ന് ജോലിയില്‍ തുടര്‍ന്നാല്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് വിദ്യാര്‍ഥികള്‍.അമേരിക്കയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട് പ്രകാരം 2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,31,602 വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കാനെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ആകെ വിദേശ വിദ്യാര്‍ഥികളില്‍ (11.27 ലക്ഷം) 29 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്. ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം ഏകദേശം 300 ഡോളര്‍ (25349 ഇന്ത്യന്‍ രൂപ) വാടകയ്ക്ക് മാത്രം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് പഠനത്തിനായി അമേരിക്കയിലെത്തുന്ന വിദ്യര്‍ഥികളില്‍ ഏറിയ പങ്കും അവിടെ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ കുട്ടികളെ പരിചരിക്കുന്ന ജോലിയാണ് കണ്ടെത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ജോലികളില്‍ പെണ്‍കുട്ടികള്‍ക്കാണ് മുന്‍ഗണന. മണിക്കൂറിന് 13 മുതല്‍ 18വരെ യുഎസ് ഡോളറാണ് (1098 മുതല്‍ 1520 ഇന്ത്യന്‍ രൂപ) ഇതിന് പ്രതിഫലമായി ലഭിക്കുന്നത്. കൂടാതെ ഭ ക്ഷണവും താമസവും കൂടി ലഭിക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഈ ജോലി സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് സഹായമാകുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!