വയനാട് വിനോദസഞ്ചാരത്തിന് ഉണർവേകാൻ ഹൈദരാബാദ്,ചെന്നൈ,ബെംഗളൂരു നഗരങ്ങളിൽ റോഡ്‌ഷോ

ചെന്നൈ: വയനാട്ടിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ്‌ഷോകൾ. കേന്ദ്ര വിനോദസഞ്ചാര വകുപ്പും വയനാട് ടൂറിസം ഓർഗനൈസേഷനും(ഡബ്ല്യു.ടി.ഒ.) സംയുക്തമായി ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലാണ് റോഡ്‌ഷോ നടത്തുന്നത്. ഹൈദാബാദിലും ചെന്നൈയിലും കഴിഞ്ഞ ദിവസങ്ങളിൽ പരിപാടി സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലെ റോഡ് ഷോ.ചെന്നൈ നടന്ന ബിസിനസ് ടു ബിസിനസ് (ബിടുബി) യോഗത്തിൽ വയനാട്ടിൽ നിന്നുള്ള റിസോർട്ടുകൾ അടക്കം 34 സ്ഥാപനങ്ങളും ചെന്നൈയിൽ പ്രവർത്തിക്കുന്ന ട്രാവൽ സ്ഥാപനങ്ങളുമടക്കം 100 ഏറെ കമ്പനികളും പങ്കെടുത്തു. വയനാട്ടിലെ വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ കുറച്ചുകാലമായി നേരിടുന്ന മാന്ദ്യത്തെ മറികടക്കാൻ ഈ പരിപാടി സഹായിക്കുമെന്ന് ഇന്ത്യ ടൂറിസം റീജണൽ ഡയറക്ടർ വെങ്കിടേശൻ ദത്തറേയൻ പറഞ്ഞു.
ഹൈദരാബാദിലെ പരിപാടിയും വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉരുൾപൊട്ടൽ ദുരിതം വയനാടിലെ ഒരു ചെറിയ ഭൂപ്രദേശത്ത് മാത്രം സംഭവിച്ചതാണെങ്കിലും വിനോദസഞ്ചാരികൾക്കിടയിൽ സുരക്ഷ സംബന്ധിച്ച് ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്നതിന് ഇത് കാരണമായെന്ന് ഡബ്ല്യു.ടി.ഒ. സെക്രട്ടറി സി.പി. ഷൈലേഷ് പറഞ്ഞു. ഇത് മാറ്റുന്നതിന് റോഡ് ഷോ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വയനാട്ടിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയായ ഡബ്ല്യു.ടി.ഒ. ഇതിന് മുമ്പും കേരളത്തിന് പുറത്ത് റോഡ് ഷോയും ബിടുബി യോഗങ്ങളും നടത്തിയിട്ടുണ്ട്.എന്നാൽ ആദ്യമായിട്ടാണ് കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ള ഇന്ത്യ ടൂറിസവുമായി ചേർന്ന് പരിപാടി നടത്തുന്നത്. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഡബ്ല്യു.ടി.ഒ. മാനേജിങ് കമ്മിറ്റി അംഗങ്ങളായ എം.ജെ. സുനിൽകുമാർ, പ്രദീപ് മൂർത്തി എന്നിവർ അറിയിച്ചു.