റീൽസല്ല, ജീവനാണ് വലുത്; തീവണ്ടിക്ക് മുകളിൽക്കയറി അഭ്യാസം കാണിക്കല്ലേ; ഹൈ വോൾട്ടേജിൽ ഷോക്കടിക്കും

കണ്ണൂർ: വൈറലാകാൻ തീവണ്ടിക്ക് മുകളിൽ കയറുകയാണ് ഇപ്പോൾ റീൽസുകാർ. റെയിൽപ്പാളം കഴിഞ്ഞ് തീവണ്ടിക്ക് മുകളിലുമെത്തി അതിരുവിട്ട അഭ്യാസങ്ങൾ പകർത്തുന്നത് യുവാക്കളുടെ ജീവനെടുക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലെ ഇത്തരം പുതിയ അപ്‌ഡേറ്റുകൾ കേരളത്തിലും വ്യാപിക്കുകയാണ്. വിദ്യാർഥികളാണ് ഇവരിൽ ഏറെ. പൊതുനിരത്തുകളിൽ റീൽസ് ചിത്രീകരിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ നേരത്തേ രംഗത്ത് വന്നിരുന്നു.റെയിൽവേ പറയുന്നു: ഗയ്സ് ഒന്നറിയുക, ജീവനാണ് വലുത്; റീൽസ് അല്ല. ചരക്ക്/യാത്രാ വണ്ടികളുടെ എൻജിൻ ഓഫാക്കിയാലും ഇല്ലെങ്കിലും യാർഡ് ഉൾപ്പെടെ റെയിൽവേ ലൈനിൽ 25,000 വോൾട്ട് ഉണ്ടാകും. അതായത് സാധാരണ വീടുകളിൽ പ്രവഹിക്കുന്ന വൈദ്യുതിയെക്കാൾ റെയിൽവേ ലൈനിൽ 100 ഇരട്ടി ഷോക്കുണ്ടാകും.
കോച്ചിന് മുകളിൽ കയറുക, പ്ലാറ്റ്‌ഫോമിന് മുകളിൽ കയറുക, ഫുട്ട് ഓവർ ബ്രിഡ്ജിന് മുകളിൽനിന്ന് അഭ്യാസങ്ങൾ കാണിക്കുക ഉൾപ്പെടെ അപകടകരമാണ്. കഴിഞ്ഞയാഴ്ച വളപട്ടണത്ത് റെയിൽവേ യാർഡിൽ ഒരു വിദ്യാർഥി മരിച്ചിരുന്നു. സമാന സംഭവങ്ങൾ ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറിവില്ലായ്മ കാരണം കൊച്ചിയിൽ ഒരു വിദ്യാർഥി നിർത്തിയിട്ട ചരക്കുവണ്ടിക്ക് മുകളിൽ കയറി ഷോക്കേറ്റ് മരിച്ചിരുന്നു. ചരക്കുവണ്ടി ലൈനിലും വൈദ്യുതി എപ്പോഴും ഉണ്ടാകും. വാഗണിന്റെ മുകളിൽ കയറരുത്.വൈദ്യുതലൈനിന്റെ ഉയരം പാളത്തിൽനിന്ന് 5.80 മീറ്ററാണ്. ലൈനിന്റെ ഉയരത്തിൽനിന്ന് രണ്ടുമീറ്റർവരെ വൈദ്യുത കാന്തികത (ഇൻഡക്ഷൻ) ഉണ്ടാകും. അതിനാൽ ഷോക്കേൽക്കാം. ലൈനിൽ 25,000 വോൾട്ട് ഉണ്ട്. വണ്ടി പോകുന്ന സമയങ്ങളിൽ ഇരുലൈനിലും 1000 ആംപിയർവരെ വൈദ്യുതി ഉണ്ടാകും. റെയിൽവേ ഭൂമിയിൽ അനധികൃതമായി കയറി റീൽസോ മറ്റോ എടുക്കുന്നത് ശിക്ഷാർഹമാണ്.