മകന്റെ ഓർമയ്ക്കായി വയോജന വിശ്രമകേന്ദ്രം ഒരുക്കി ദമ്പതികൾ

കൂത്തുപറമ്പ് : വാഹനാപകടത്തിൽ മരിച്ച മകന്റെ സ്മരണയ്ക്കായി നാട്ടിൽ വയോജന വിശ്രമ കേന്ദ്രം നിർമിച്ചുനൽകി ദമ്പതികൾ. പൂക്കോട് തൃക്കണ്ണാപുരത്തെ നന്ദനത്തിൽ എം.ടി.വിഷ്ണുവിന്റെ സ്മരണയ്ക്കാണ് പ്രദേശത്തെ ഗ്രാമീണ വായനശാലയോട് ചേർന്ന് വയോജനകേന്ദ്രം നിർമിച്ചത്. കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫിസിലെ ജൂനിയർ എൻജിനീയർ കെ.സുനിൽ കുമാർ – ഏറണാകുളം കാംകോ ഓഫിസിൽ ടെക്നിക്കൽ അസിസ്റ്റന്റ് ടി.ജിഷ ദമ്പതികളാണ് വയോജന വിശ്രമകേന്ദ്രം നിർമിച്ചത്. വായനശാലാ സെക്രട്ടറി കൂടിയാണ് സുനിൽകുമാർ.കൂത്തുപറമ്പ് നഗരസഭാ മുൻ ചെയർമാൻ കെ.ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 70 വയസ്സ് പിന്നിട്ടവരെ ചടങ്ങിൽ ആദരിച്ചു. സി.പി.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. വി.കെ.ബാബു, വാർഡ് കൗൺസിലർമാരായ എ.ബിജു മോൻ, പി.ശ്രീലത, പി.ജയറാം, മുൻ ചെയർമാൻ എം.സുകുമാരൻ, കില റിസോഴ്സ് പഴ്സൻ പി.വി.ബാലകൃഷ്ണൻ, സീനിയർ സിറ്റിസൻസ് ഫ്രന്റ്സ് വെൽഫെയർ അസോസിയേഷൻ ഏരിയ സെക്രട്ടറി എം.പി.സുരേഷ് ബാബു, വായനശാല എക്സിക്യൂട്ടീവ് അംഗം എൻ.രാഘവൻ എന്നിവർ പ്രസംഗിച്ചു.