ജാമ്യത്തുകയില്ലാത്ത തടവുകാർക്ക് പുറത്തിറങ്ങാം, അർഹരായവരെ ലീഗൽ സർവീസ്‌ അതോറിറ്റി സഹായിക്കും

Share our post

കോടതി ജാമ്യം അനുവദിച്ചിട്ടും പണമടയ്ക്കാൻ നിർവാഹമില്ലാതെ ജയിലിൽത്തുടരേണ്ടിവരുന്ന തടവുകാർക്ക്‌ സാമ്പത്തിക സഹായം നൽകാൻ നിയമസംവിധാനമുണ്ട്‌. വിചാരണത്തടവുകാർക്ക്‌ 40,000 രൂപവരെയും ശിക്ഷിക്കപ്പെട്ടവർക്ക് 25,000 രൂപ വരെയുമാണ് പാവപ്പെട്ടവരെങ്കിൽ ജാമ്യത്തുകയടയ്ക്കാൻ സാമ്പത്തികസഹായം കിട്ടുക. ലീഗൽ സർവീസ്‌ അതോറിറ്റിയുടെ കീഴിലുള്ള ജില്ലാതല എംപവേഡ്‌ കമ്മിറ്റിയാണ്‌ സഹായധനം നൽകാൻ നടപടിയെടുക്കുന്നത്‌.ദ്വയാർഥപരാമർശത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്ന വ്യവസായി ബോബി ചെമ്മണൂർ ഇത്തരം തടവുകാർക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നെന്ന്‌ പറഞ്ഞത്‌ വിവാദമായിരുന്നു.ജയിലിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ ജഡ്ജി, കളക്‌ടർ, ജില്ലാ പോലീസ്‌ മേധാവി, ജയിൽ സൂപ്രണ്ടുമാർ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്‌. ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി സെക്രട്ടറിയാണ്‌ കൺവീനർ. പണമടയ്ക്കാനില്ലാതെ ജയിലിൽനിന്ന്‌ ഇറങ്ങാൻ സാധിക്കാത്ത പ്രതികളുടെ പട്ടിക ജയിലിൽനിന്ന്‌ വാങ്ങി ഈ കമ്മിറ്റിയിൽ വെക്കും. അർഹരായവർക്ക്‌ തുക അനുവദിക്കണമെന്ന്‌ കമ്മിറ്റി ശുപാർശചെയ്യും. ഇതു പ്രകാരമാണ്‌ സർക്കാർ പണമനുവദിക്കുന്നത്‌.

ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമാണ്‌ അർഹത, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും എൻ.ഡി.പി.എസ്‌., േപാക്സോ കേസ്‌ ‌പ്രതികൾ എന്നിവർക്കും സഹായം ലഭിക്കില്ല. സ്ഥിരം കുറ്റവാളികൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായവർ, യു.എ.പി.എ. ചുമത്തപ്പെട്ടവർ എന്നിവർക്കും ഈ ആനുകൂല്യമില്ല.

ഒരു പ്രതിക്ക്‌ ഒരു തവണ മാത്രമേ സാമ്പത്തിക സഹായം കിട്ടൂ. പണമില്ലാത്ത പ്രതികൾക്ക്‌ ജാമ്യവ്യവസ്ഥയിൽ ഇളവ്‌ വേണമെന്ന്‌ നേരിട്ട്‌ കോടതിയിൽ അപേക്ഷ നൽകാനും കഴിയും. കോടതി പരിേശാധിച്ച്‌ നടപടിയെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!