റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി

കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഘത്തെ കണ്ണപുരം പൊലീസ് കാസർകോട്ടുനിന്നും പിടികൂടി. കാസർകോട് സ്വദേശികളായ മൊയ്തീൻ ഫസൽ, എച്ച്. മുഹമ്മദ് മുസ്തഫ എന്നിവരും ഒരു 17 കാരനുമാണ് അറസ്റ്റിലായത്. ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിന്റെ ബൈക്കാണ് മോഷണം പോയിരുന്നത്.മലപ്പുറത്തേക്ക് പോകാനായി കഴിഞ്ഞ 11ന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.ഡബ്ല്യു 1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്. വി.പി. ഹസീബിന്റെ പരാതിയെ തുടർന്നാണ് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണം നടത്തിയതിൽ പഴയങ്ങാടി പാലത്തിനടുത്ത് കുറ്റിക്കാട്ടിൽ എണ്ണ തീർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെടുത്തു. ബൈക്കിന്റെ വയർ മുറിച്ച് ബൈക്ക് സ്റ്റാർട്ടാക്കിയാണ് കൊണ്ടുപോയത്. പഴയങ്ങാടി, കണ്ണപുരം ഉൾപ്പെടെ പല റെയിൽവേ സ്റ്റേഷനുകളിലും മോഷണം നടത്തിയ സംഘത്തെയാണ് കാസർകോടുനിന്ന് പിടികൂടിയത്. പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 17 വയസ്സുകാരനെ രക്ഷിതാവിന്റെ സ്റ്റേറ്റ്മെന്റ് പ്രകാരം വിട്ടതായും കണ്ണപുരം പൊലീസറിയിച്ചു. എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ടി.വി. അനൂപ്, വി.എം. വിജേഷ്, കെ. മജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടെത്തിയത്.