വരച്ചുനിറഞ്ഞ് ചിത്രകാരക്കൂട്ടം

പഴയങ്ങാടി:കണ്ണൂർ കോട്ടയും തെയ്യവും കൈത്തറിയും പൂരക്കളിയും തുടങ്ങി കണ്ണൂരിന്റെ മുഖങ്ങളെല്ലാം ക്യാൻവാസിൽ പകർത്തി. പുഴയോരത്ത് കണ്ടൽക്കാടുകളെ നോക്കി ചിത്രകാരന്മാർ നിറം പകർന്നു. ഏഴിലം ടൂറിസവും വൺ ആർട് നേഷനുംചേർന്ന് നടത്തിയ ‘ഉപ്പട്ടി; കണ്ടൽക്കടവിലൊരു കൂട്’ ചിത്രകലാ ക്യാമ്പ് കാഴ്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാർ, ശിൽപ്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ഒത്തുചേർന്നത്. കണ്ണൂരിന്റെ ടൂറിസം ഭൂപടത്തെ പകർത്തുക എന്നതായിരുന്നു 25 ചിത്രകാരന്മാരുടെ ദൗത്യം. ക്യാമ്പിൽ ഒരുങ്ങിയത് കലാകാരന്മാരുടെ അവിസ്മരണീയ സൃഷ്ടികളായിരുന്നു. വരച്ചചിത്രങ്ങൾ ഏഴിലം ടൂറിസത്തിന് കൈമാറിയാണ് അവർ മടങ്ങിയത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഏഴിലം ടൂറിസം ചെയർമാൻ അബ്ദുൾഖാദർ പനക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴിലം എം.ഡി.ഇ വേണു, ആർട്ടിസ്റ്റ് സി.പി വത്സൻ, ധനേഷ് മാമ്പ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, എം.കെ സുകുമാരൻ, എം.പി ഗോപിനാഥൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.