ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി യു.പി.ഐ ഉപയോഗിക്കാം

Share our post

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യു.എ.ഇയില്‍ ഇനി യു.പി.ഐ സേവനം പ്രയോജനപ്പെടുത്താം. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി.യു.എ.ഇയിലുള്ള മാഗ്നതിയുടെ പി.ഒ.എസ് ടെല്‍മിനലുകളില്‍ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് എളുപ്പത്തില്‍ ഷോപ്പിങ് സാധ്യമാകും. തുടക്കത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് സേവനം ലഭിക്കുക. ഹോട്ടല്‍, യാത്ര, വിനോദം, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കും.ഓരോ വര്‍ഷവും യു.എ.ഇയിലെത്തുന്ന 1.2 കോടി ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് എളുപ്പത്തില്‍ നടത്താന്‍ ഇതിലുടെ കഴിയും. 2023ലെ കണക്ക് പ്രകാരം ദുബായ് സന്ദര്‍ശകരില്‍ ഇന്ത്യയാണ് മുന്നില്‍. 1.19 കോടി പേര്‍ ദുബായ് സന്ദര്‍ശിച്ചു. സൗദി അറേബ്യയില്‍നിന്ന് 67 ലക്ഷം പേരും യുകെയില്‍നിന്ന് 59 ലക്ഷം പേരുമാണ് യു.എ.ഇയിലെത്തിയത്.

യു.പി.ഐ ഏഴ് രാജ്യങ്ങളില്‍

ഭൂട്ടാന്‍, മൗറീഷ്യസ്, നേപ്പാള്‍, സിങ്കപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് എന്നിവ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിലവില്‍ യുപിഐ ഇടപാടുകള്‍ നടത്താം. ഭീം, ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ എന്നിവയുള്‍പ്പടെ 20 ലധികം ആപ്പുകള്‍ വഴി അന്താരാഷ്ട്ര ഇടപാടുകള്‍ സാധ്യമാകും.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്ത്യന്‍ രൂപയിലാണ് പണം കൈമാറുക. വിദേശ വിനിമയത്തിനുള്ള നിരക്കും ബാങ്ക് ഫീസും കൂടുതലായി നല്‍കേണ്ടിവരും. യു.പി.ഐ ആപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!