പാഴ്‌വസ്‌തുക്കൾ രൂപം മാറും, അഗിനയുടെ ശിൽപ്പങ്ങളായി

Share our post

എടക്കാട്‌:കുപ്പി, കടലാസ്‌, ചിരട്ട, നിലക്കടലത്തോട്‌, കുമ്പളങ്ങക്കുരു, തെർമോക്കോൾ, നൂൽ, പഴന്തുണി… ജീവൻതുടിക്കുന്ന തെയ്യക്കോലങ്ങളൊരുക്കാനുള്ള അഗിനയുടെ അസംസ്‌കൃത വസ്‌തുക്കളാണിത്‌. മിനിട്ടുകൾകൊണ്ട്‌ ഇവ തീച്ചാമുണ്ഡിയും ഘണ്ഠാകർണനും കതിവന്നൂർ വീരനും കാരിഗുരിക്കളും ഗുളികനും ബലിക്കാടനും മുച്ചിലോട്ട് ഭഗവതിയുമൊക്കെയായി രൂപാന്തരംപ്രാപിക്കും. കുപ്പികളിൽ വർണചിത്രങ്ങൾ, ചിരട്ടയിൽ താമര, പായ്‌വഞ്ചി, നിലവിളക്ക്‌, മത്തങ്ങാക്കുരു പുഷ്പങ്ങൾ, ചണനൂലിലെ തൂക്കണാം കുരുവിക്കൂട്‌ ഇങ്ങനെ നീളും ആ പട്ടിക. മുഴപ്പിലങ്ങാട് കൂർമ്പ ഭഗവതി ക്ഷേത്രത്തിന്‌ സമീപത്തെ ഗുരുകൃപയിൽ അഗിനയാണ്‌ പാഴ്‌വസ്‌തുക്കളിൽ കമനീയ രൂപങ്ങളൊരുക്കുന്നത്‌. കടമ്പൂർ ഹൈസ്കൂളിൽ ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ കോവിഡ്‌ അടച്ചിടലിൽ ബോട്ടിൽ ആർട്ടിലൂടെ തുടങ്ങിയതാണ്‌ ഈ വിനോദം. ചെറുതും വലുതുമായ അമ്പതോളം തെയ്യക്കോലങ്ങൾ ഇതിനകം നിർമിച്ചു. കെട്ടിയാടുന്ന തെയ്യങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചാണ്‌ മുഖത്തെഴുത്തും ചമയങ്ങളും കടകവും വളകളും ചൂടകങ്ങളും പൂത്തണ്ടയുമൊക്കെ പകർത്തുന്നത്‌. തെയ്യം ശിൽപ്പങ്ങൾ കൂർമ്പ ഭഗവതിക്ഷേത്രം ഓഫീസിന് മുകളിൽ ഒരുക്കിയ മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്‌. സംസ്ഥാന ലഹരി വിമുക്തി മിഷൻ ലോക ഭൗമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന മത്സരത്തിൽ ഒന്നാംസ്ഥാനവും സ്കൂൾ പ്രവൃത്തി പരിചയമേളകളിൽ തുടർച്ചയായി രണ്ടുവർഷം എ ഗ്രേഡും നേടി. മുഴപ്പിലങ്ങാട് സഹകരണ ബാങ്ക്‌ കലണ്ടറിൽ അഗിനയുടെ ശിൽപ്പങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. കൂർമ്പ ഭഗവതി ക്ഷേത്രം പൂജാരി ത്രിജഗനാഥിന്റെയും പ്രീതയുടെയും മകളായ പതിനെട്ടുകാരി കണ്ണൂർ എസ്എൻ കൊളേജിലെ ഒന്നാം വർഷ മൈക്രോ ബയോളജി വിദ്യാർഥിയാണ്‌. സഹോദരൻ അഷിൻ മുഴപ്പിലങ്ങാട് ഗവ. എച്ച്‌എസ്‌എസ്‌ പ്ലസ് വൺ വിദ്യാർഥിയും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!