നിയമലംഘനം പകര്‍ത്താന്‍ എം.വി.ഡി. വാഹനങ്ങളില്‍ ക്യാമറ; പിഴ ചുമത്താനും പുതിയ മാര്‍ഗമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ പകര്‍ത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പട്രോളിങ് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും ക്യാമറകളുണ്ടാകും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാന്‍ വഴി പിഴചുമത്താനാകുംവിധമാണ് ക്രമീകരണമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.മോട്ടോര്‍വാഹനവകുപ്പിന് വാങ്ങിയ 20 വാഹനങ്ങള്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രീത്ത് അനലൈസര്‍, അതിവേഗം പിടികൂടാന്‍ റഡാറുകള്‍ എന്നിവ വാഹനങ്ങളിലുണ്ടാകും. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തത്സമയം പ്രദര്‍ശിപ്പിക്കാന്‍ വാഹനങ്ങളില്‍ ഡിസ്പ്ലേ ബോര്‍ഡും ഘടിപ്പിക്കും. ആറുഭാഷകളില്‍ സന്ദേശം നല്‍കും.
നിയമലംഘനം ബോധ്യപ്പെടുത്തി പിഴചുമത്തും. വാഹപരിശോധന വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ടാബും നല്‍കും. മാര്‍ച്ച് 31-നുമുന്‍പ് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കും. ആര്‍.സി. ഡിജിറ്റലാക്കും. റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് 50 വാഹനങ്ങള്‍കൂടി വാങ്ങും.
സേഫ് കേരള സ്‌ക്വാഡിനുവേണ്ടി ഇ-വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത് മണ്ടത്തരമായിപ്പോയെന്നും ഇവ സ്ഥിരം തകരാറിലാണെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചകിലം, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് 11.5 ലക്ഷം ലാഭം
തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളില്‍നിന്നും ആറുമാസത്തിനുള്ളില്‍ 11.5 ലക്ഷം രൂപയുടെ ലാഭം. രണ്ട് ബൈക്കുകളും കാറുകളും ഉള്‍പ്പെടെ അനുബന്ധസൗകര്യങ്ങളെല്ലാം ഒരുക്കിയതിനുശേഷമുള്ളമുള്ള മിച്ചമാണിതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ 400 പേര്‍ ഡ്രൈവിങ് പഠിച്ചു.
13 സ്‌കൂളുകള്‍കൂടി ഉടന്‍ തുടങ്ങും. അഞ്ചു സ്ഥലങ്ങളില്‍ക്കൂടി ഹെവി ഡ്രൈവിങ് പരിശീലനം ആരംഭിച്ചു. ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകാരെ സമരത്തിനിറക്കിയതില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസുകളില്‍ സന്ദര്‍ശകരെ പൂര്‍ണമായും വിലക്കുമെന്നും മന്ത്രി പറഞ്ഞു.