‘നിങ്ങളുടെ ഫോണ്‍ നമ്പര്‍ താത്കാലികമായി റദ്ദാക്കി’; തട്ടിപ്പാണേ… സൂക്ഷിച്ചോ

സൈബര്‍ ലോകത്ത് നടക്കുന്ന വിവിധതരം തട്ടിപ്പുകളെ കുറിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണെന്നും സി.ബി.ഐ ആണെന്നുള്ള വ്യാജേനെയൊക്കെയാണ് ഇത്തരം തട്ടിപ്പുകാര്‍ രംഗത്തുള്ളത്. ഇപ്പോളിതാ ട്രായ് ഇദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ്. ട്രായ് ഉദ്യോഗസ്ഥരാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫോണ്‍ നമ്പര്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് കോളുകള്‍ വരുന്നത്. ഫോണ്‍ നമ്പര്‍ തിരികെ ലഭിക്കണമെങ്കില്‍ പിന്നീട് അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും ആവശ്യപ്പെടും. ഇത്തരത്തില്‍ നിരവധി ഉപഭോക്താക്കള്‍ക്കാണ് തട്ടിപ്പ് കോളുകള്‍ ലഭിച്ചത്.
‘പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനം രജിസ്റ്റര്‍ ചെയ്തതിനാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നതിനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഈ കോള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9 അമര്‍ത്തുക…’ ഇത്തരത്തിലായിരിക്കും നിങ്ങളുടെ ഫോണിലേക്ക് കോള്‍ വരാന്‍ സാധ്യത. പിന്നീട് ഡിജിറ്റല്‍ അറസ്റ്റിലാണെന്നും സ്വകാര്യ വിവരങ്ങള്‍ പങ്കിടാനും പറയുകയും നമ്പര്‍ തിരിച്ചു കിട്ടണമെങ്കില്‍ ഐഡിയും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും.