11 വർഷം; യാത്രക്കാരുടെ മനസ്സിലേക്ക് ടിക്കറ്റെടുത്ത് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ഗീത

കണ്ണൂർ : 11 വർഷം മുൻപ്, തന്റെ 38ാം വയസ്സിലാണ് പണിക്കർ വീട്ടിൽ കെ.ഗീത കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. അന്നു തുടങ്ങിയ ശീലമാണ് സീറ്റുകൾ വൃത്തിയാക്കുക എന്നത്. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള ഗീതയുടെ മറുപടിയിങ്ങനെ–‘അയ്യോ, അത് അത്ര വലിയ കാര്യമല്ലന്നേ. പൊടിപിടിച്ച സീറ്റിൽ ഇരിക്കാനൊക്കില്ലല്ലോ. കണ്ടക്ടറുടെ സീറ്റ് തുടയ്ക്കുന്ന കൂട്ടത്തിൽ മറ്റു സീറ്റുകളും തുടച്ചുവൃത്തിയാക്കുമെന്നു മാത്രം’.
ഗീതയുടെ ഭർത്താവ് ബാലകൃഷ്ണനു ധർമശാല വ്യവസായ പാർക്കിൽ ഫാക്ടറിയുണ്ട്. വിവാഹശേഷം ഗീത അവിടെ അക്കൗണ്ടന്റായായിരുന്നു. ബന്ധുക്കളുടെ മക്കൾ പിഎസ്സിക്കു പഠിക്കുന്നതു കണ്ട് ഒരു രസത്തിനു പഠിച്ചുതുടങ്ങിയെങ്കിലും പിന്നീട് ഗീത പഠനം ഗൗരവത്തിലെടുത്തു. അങ്ങനെ, കെഎസ്ആർടിസിയിൽ ജോലിക്കു കയറി. കണ്ണൂർ ഡിപ്പോയിലായിരുന്നു നിയമനം. കാസർകോട്ടേക്കും മാനന്തവാടിയിലേക്കുമുള്ള സർവീസുകളിലാണ് ഗീത ഇപ്പോഴുള്ളത്.ആദ്യമൊക്കെ വീട്ടുകാർക്കു ബുദ്ധിമുട്ടായിരുന്നു. ജോലിക്കു പോകാൻ പുലർച്ചെ വീട്ടിൽ നിന്നിറങ്ങേണ്ടി വരും. അന്നു മക്കളെല്ലാം ചെറിയ കുട്ടികളാണ്. എന്നാലും, അധ്വാനിച്ചു പഠിച്ചു നേടിയ ജോലി കൈവിടാൻ തോന്നിയില്ല’, ഗീത ചിരിച്ചു. ഗീതയുടെ മൂത്ത മകൻ പി.അഭിനന്ദ് യുകെയിൽ ഗ്രാഫിക് ഡിസൈനറാണ്. രണ്ടാമത്തെ മകൻ പി.അഭിനവ് വിദ്യാർഥിയാണ്.