നാടിന് കാവലായി ഞങ്ങളുണ്ട്

കണ്ണൂർ:മരണവും ദുരന്തവും ഒരുപോലെ പെയ്തിറങ്ങിയ ദുരന്തഭൂമിയിലും നാടിനെ നടുക്കിയ മഹാപ്രളയത്തിലും കോവിഡിലും സഹജീവികളുടെ കണ്ണീരൊപ്പാൻ അക്ഷീണം പ്രവർത്തിച്ച ഊർജം യുവതയിൽ പ്രസരിക്കുന്നുണ്ടായിരുന്നു. ഒരു പ്രതിസന്ധിക്കും, ദുരന്തത്തിനുമുന്നിലും തോൽക്കാതെ നാടിനെ കാക്കാൻ ഞങ്ങളുണ്ടെന്ന യുവജനങ്ങളുടെ പ്രഖ്യാപനമായി മാറി യൂത്ത് ബ്രിഗേഡ് കണ്ണൂർ നഗരത്തിൽ സംഘടിപ്പിച്ച യുവജന റാലി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ യൂത്ത് ബ്രിഗേഡ് – ഐ.ആർ.പി.സി വളന്റിയർമാർക്കുള്ള ആദരം പരിപാടിക്ക് മുമ്പായാണ് നഗരവീഥിയെ ആവേശത്തിലാക്കി റാലി നടന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് യുവതീയുവാക്കൾ റാലിക്കെത്തി. വൈകിട്ട് അഞ്ചോടെ കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം യുവജനങ്ങളാൽ നിറഞ്ഞു. തുടർന്ന് റാലി ആരംഭിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, ജില്ലാ ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന സെക്രട്ടറിയറ്റംഗം എം. വി ഷിമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എം അഖിൽ, മുഹമ്മദ് സിറാജ്, പി പി അനിഷ എന്നിവർ റാലി നയിച്ചു.