ബൂട്ടണിയും വേഗത്തിൽ ഒരു വീട് കൂടി ഉയർന്നെങ്കിൽ

കണ്ണൂർ: പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളിൽ അഖില രാജനെന്ന പതിനേഴുകാരി സൂക്ഷിച്ചുവയ്ക്കുന്നതു മെഡലുകൾ മാത്രമല്ല, തന്റെ സ്വപ്നങ്ങൾ കൂടിയാണ്. ഇന്ത്യൻ കൗമാര വനിതാ ഫുട്ബാൾ ടീമിന്റെ പ്രതിരോധനിരയുടെ കരുത്താണ് കണ്ണൂർ സ്പോർട്സ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അഖില രാജൻ. ജൂലൈയിൽ ബംഗ്ലദേശിൽ നടക്കാനിരിക്കുന്ന അണ്ടർ 20 സാഫ് ഫുട്ബോളിൽ വിജയിച്ചു തിരിച്ചുവന്നാൽ, പക്ഷേ, ആ മെഡൽ സൂക്ഷിച്ചുവയ്ക്കാൻ അവൾക്കു സ്വന്തമായി ഒരിടമില്ല.
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ പ്ലാസ്റ്റിക് ഷീറ്റും തുണികളുംകൊണ്ടു കെട്ടിമറച്ച കുടിലിനുള്ളിലെ ഇത്തിരിയിടത്തിൽ എവിടെയൊക്കെയോ കുന്നുകൂടിക്കിടക്കുന്ന ഒരുപാടു മെഡലുകൾക്കും ട്രോഫികൾക്കുമിടയിൽ അതും വിസ്മൃതിയിലേക്കു തള്ളപ്പെടും. പക്ഷേ, സീനിയർ ഇന്ത്യൻ ടീമിനു വേണ്ടി ബൂട്ട് കെട്ടാൻ കാത്തിരിക്കുന്ന അഖിലയ്ക്ക് അതൊന്നും ആലോചിച്ചു സങ്കടപ്പെടാൻ സമയമില്ല. ബെംഗളൂരുവിലെ ഇന്ത്യൻ ക്യാംപിൽ പരിശീലനത്തിനിറങ്ങുമ്പോൾ അവളുടെ മനസ്സിലുള്ളതു രാജ്യത്തിന്റെ കിരീട സ്വപ്നങ്ങൾ മാത്രം.
ബൂട്ടണിഞ്ഞ വഴി
കൂലിപ്പണിക്കാരനായ രാജന്റെയും തൊഴിലുറപ്പു തൊഴിലാളിയായ അമ്പിളിയുടെ മകളായ അഖില ഈ ചെറുപ്രായത്തിനിടയിൽ നേടിയെടുത്ത അംഗീകാരങ്ങൾ ചില്ലറയല്ല. എട്ടാം ക്ലാസിലാണ് അഖില കണ്ണൂർ ജിവിഎച്ച്എസ്എസിൽ ചേരുന്നത്. വേഗം, ഹൈ ബോൾ സ്വീകരിക്കാനുള്ള പ്രത്യേക കഴിവ്, വിങ്ങുകളിലൂടെ കയറി മുന്നേറ്റ നിരക്കാർക്കു പന്തെത്തിക്കുന്ന രീതി–ഇവയൊക്കെ അഖില എന്ന ഫുൾ ബാക്കിനെ കളിക്കളത്തിൽ വേറിട്ടുനിർത്തുന്നു. പതിന ഞ്ചാം വയസ്സിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനായി. പിന്നെ പതിനാറാം വയസ്സിൽ രാജ്യത്തിനായി ബൂട്ടണിഞ്ഞു. ഇന്ത്യൻ പരിശീലക പി.വി.പ്രിയ, കേരള പരിശീലക സുബിത പൂവട്ട, കെ.എം.രാജേഷ് എന്നിവരുടെ ശിക്ഷണം കൂടിയായപ്പോൾ അഖില മികച്ച ഫുട്ബോൾ താരമായി.
കേരളത്തിന്റെ ജഴ്സിയിൽ
സബ് ജൂനിയർ തലം മുതൽ തന്നെ കേരളത്തെ പ്രതിനിധീകരിച്ചു തുടങ്ങിയ താരമാണ് അഖില. കഴിഞ്ഞ വർഷം അസമിൽ നടന്ന ഹീറോ ജൂനിയർ അണ്ടർ 17 ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 2023ൽ ലുധിയാനയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ (അണ്ടർ 19) കേരളത്തെ പ്രതിനിധീകരിച്ചു. കേരളം അന്ന് അഞ്ചാം സ്ഥാനം നേടി. കഴിഞ്ഞ വർഷം തിരുവല്ലയിൽ നടന്ന സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ കണ്ണൂർ ജില്ലയെ ചാംപ്യന്മാരാക്കിയ നായിക കൂടിയാണ് അഖില രാജൻ.
രാജ്യാന്തര മത്സരങ്ങൾ
2023ൽ ധാക്കയിൽ നടന്ന സാഫ് അണ്ടർ 17 ചാംപ്യൻഷിപ്പിലൂടെയാണ് അഖില ആദ്യമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. അതേ വർഷം കിർഗിസ്ഥാൻ വേദിയായ അണ്ടർ 17 എഎഫ്സി ഒന്നാം റൗണ്ട് മത്സരത്തിൽ ബൂട്ടണിഞ്ഞു. ടീം അന്ന് ക്വാർട്ടർ ഫൈനലിലെത്തി. തായ്‌ലൻഡിൽ നടന്ന രണ്ടാം റൗണ്ട് മത്സരങ്ങളിലും കളിച്ചു. ജോർദാനിലെ സൗഹൃദ മത്സരത്തിലും ഇന്ത്യൻ നിറമണിഞ്ഞു. 2023 ഫെബ്രുവരിയിൽ നടന്ന അണ്ടർ 19 സാഫ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ചാംപ്യൻമാരാകുമ്പോൾ പ്രതിരോധ നിരയിൽ കരുത്ത് പകർന്ന് അഖിലയുമുണ്ടായിരുന്നു, ടീമിലെ ഏക മലയാളിയെന്ന നേട്ടത്തോടെ.
വേണം വീട്
മാതാപിതാക്കൾ ബാങ്ക് വായ്പയെടുത്ത് വീടിനു തറ കെട്ടിയിട്ടു മാസങ്ങളായി. ലൈഫ് മിഷൻ പദ്ധതി വഴി ഇപ്പോൾ ചെറിയൊരു വീടിന്റെ പണി തുടങ്ങിയിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള കുതിപ്പുകൾക്ക് ഊർജം പകരാനും ഈ കൗമാരപ്രതിഭയെ തളരാതെ കളിക്കളത്തിൽ പിടിച്ചുനിർത്താനും സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായങ്ങൾ ഇനിയും വേണ്ടിവരും. അല്ലെങ്കിൽ, ഇന്ത്യൻ ഫുട്ബോളിലെ മലയാള നക്ഷത്രങ്ങളിലൊന്നായി ഉയരങ്ങളിൽ മിന്നിത്തിളങ്ങേണ്ട ഈ പെൺകുട്ടിയും മറ്റു പലരെയും പോലെ നിത്യജീവിതപ്രാരാബ്ധങ്ങളുടെ ഡ്രിബ്ലിങ്ങിനു മുൻപിൽ കാലിടറി കളിക്കളം വിടും.