വയനാട് ദുരന്തം: കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നൽകും

Share our post

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചവരെ കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവര്‍ക്കുള്ള ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിണ്ട്.കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണം. ഇത് പരിശോധിച്ച് കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതിനായി വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രാദേശിക സമിതികള്‍ രൂപവത്കരിക്കണം. സമതി തയ്യറാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് വ്യക്തമായ ശുപാര്‍ശ സഹിതം സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന സമിതിയാണ് റിപ്പോര്‍ട്ടില്‍ സൂക്ഷ്മ പരിശോധന നടത്തുക.സംസ്ഥാന സമിതിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവാരാണ് ഉള്‍പ്പെടുന്നത്. സംസ്ഥാന സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും പട്ടികയില്‍ കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കൊടുക്കേണ്ടത് സംബന്ധിച്ച് മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!