ഈ വർഷവും അധിക ക്വാട്ടയില്ല;ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു

Share our post

ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല.

ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!