മൂന്ന് വർഷം കൊണ്ട് കണ്ണൂരിൽ വേർതിരിച്ചത് 17, 969 ടൺ മാലിന്യം

കണ്ണൂർ:ജില്ലയിൽ പാഴ്‌വസ്‌തു ശേഖരണത്തിലുണ്ടായത് വൻവർധന. മൂന്നുവർഷംകൊണ്ട് നീക്കംചെയ്‌തത് 17,969 ടൺ മാലിന്യം. 2022 ഏപ്രിൽ –- 2023 മാർച്ചുവരെ 4,654 ടൺ, 2023 ഏപ്രിൽ –- 2024 മാർച്ചുവരെ 6319 ടൺ, 2024 ഏപ്രിൽ –- ഡിസംബർവരെ 6996 ടൺ എന്നിങ്ങനെയാണ് മാലിന്യം നീക്കംചെയ്‌തത്. സാമ്പത്തികവർഷം പൂർത്തിയാകാൻ മൂന്നുമാസം ബാക്കിനിൽക്കെ മുൻവർഷങ്ങളേക്കാൾ കൂടുതൽ മാലിന്യം ക്ലീൻകേരള കമ്പനിക്ക് നീക്കംചെയ്യാനായി. ഹരിതകർമസേനയെ ഉപയോഗപ്പെടുത്തി മാലിന്യം നീക്കംചെയ്യുന്ന സംസ്ഥാനത്തെ മികച്ച ജില്ലയാണ് കണ്ണൂർ. 2022 ഏപ്രിൽമുതൽ 23 മാർച്ച് വരെ 2,292 ടൺ തരംതിരിച്ച പ്ലാസ്റ്റിക്കാണ് നീക്കംചെയ്‌തത്. സിമന്റ് ഫാക്ടറിലേക്ക് 2,160 ടൺ പ്ലാസ്‌റ്റിക് കൈമാറി. ഇ–- മാലിന്യം 5.8 ടൺ, കുപ്പിച്ചില്ല് 196 ടൺ എന്നിങ്ങനെയും ശേഖരിച്ചു. ആർ.ആർ.എഫുകളിൽനിന്ന് 16.8 ടൺ പ്ലാസ്‌റ്റിക് പൊടിച്ചു.
ഇതിൽ 1.6 ടൺ പൊടിച്ച പ്ലാസ്‌റ്റിക് ജില്ലയിലെ റോഡ് ടാറിങ്ങിനായി ഉപയോഗിച്ചു. ട്യൂബ്‌ലൈറ്റ്, ബൾബ് തുടങ്ങിയ ആപത്‌കരമായ മാലിന്യങ്ങൾ 20 കിലോഗ്രാമും നീക്കംചെയ്‌തു. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ ആകെ -6,318 ടൺ മാലിന്യമാണ് നീക്കം ചെയ്‌തത്. 1625 ടൺ തരം തിരിച്ച പ്ലാസ്‌റ്റിക്കും 3329 ടൺ സിമന്റ് ഫാക്ടറിയിലേക്കുള്ള പ്ലാസ്റ്റിക്കും കൈമാറി. ഇ വേസ്‌റ്റ് 22 ടൺ, കുപ്പിച്ചില്ല് 100 ടൺ, ആപത്‌കരമായവ 1.4 ടൺ, റോഡ് പണിക്കായി ഉപയോഗിച്ചത് 3 ടൺ. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ 6318 ടൺ മാലിന്യമാണ് കൈമാറിയത്. തരംതിരിച്ച പ്ലാസ്‌റ്റിക് 2825 ടൺ, ഫാക്ടറിയിലേക്ക് 3329 ടൺ, ഇ വേസ്‌റ്റ് 22 ടൺ, കുപ്പിച്ചില്ല് 100 ടൺ, പൊടിച്ച പ്ലാസ്‌റ്റിക് 2 ടൺ, ആപത്‌കരമായാവ 1.3 ടൺ എന്നിങ്ങനെയും നീക്കംചെയ്‌തു. 2024 ഏപ്രിൽമുതൽ ഡിസംബർവരെ 6996 ടൺ മാലിന്യം നീക്കം ചെയ്‌തു. തരംതിരിച്ച പ്ലാസ്‌റ്റിക് 3251 ടൺ, ഫാക്ടറിയിലേക്ക് 3336 ടൺ, കുപ്പിച്ചില്ല് 298 ടൺ, ഇ വേസ്‌റ്റ് 110 ടൺ എന്നിങ്ങനെ കൈമാറി. നിഷ്‌ക്രിയ മാലിന്യശേഖരണത്തിനുപുറമെ തരംതിരിച്ച പ്ലാസ്‌റ്റിക്, മറ്റുള്ള മാലിന്യം എന്നിവയുടെ ശേഖരണത്തിലും കണ്ണൂർ ഏറെ മുന്നിലാണ്. ഒമ്പത് ബ്ലോക്കുതല ആർ.ആർ.എഫുകളും ഒരു ജില്ലാ ആർ.ആർ.എഫും പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. തരംതിരിച്ച പ്ലാസ്‌റ്റിക്കിന് ഹരിതകർമസേനയ്‌ക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വില നൽകുന്നതും കണ്ണൂരാണ്.