പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ; അന്വേഷണത്തിന് പ്രത്യേക സംഘം

പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡി.ഐ.ജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡി.വൈ.എസ്.പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ കർശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേൽനോട്ടം ഡി.ഐ.ജിക്ക് കൈമാറിയത്.പത്തനംതിട്ട ഡി.വൈ.എസ്.പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണ സംഘം പ്രവർത്തിക്കുക. ഇതുവരെ 26 പേരാണ് കേസിൽ അറസ്റ്റിലായത്. 14 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇന്ന് 6 പേരുടെ പുതിയ അറസ്റ്റ് രേഖപ്പെടുത്തി. ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. കേസിൽ ഇന്ന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുണ്ട്. കസ്റ്റഡിയിലുള്ള 7 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.