അഞ്ച്‌ മിനിറ്റ്‌, ചിറകടിച്ചത്‌ 12,000 ശലഭങ്ങൾ

Share our post

ഇരിട്ടി:ആറളത്ത്‌ അഞ്ച്‌ മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ്‌ ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്‌ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ്‌ പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്‌. മൂന്ന് ദിവസത്തെ സർവേയിൽ അറുപത്‌ ശലഭ നിരീക്ഷകർ ദേശാടനം വീക്ഷിച്ചു. സർവേ സമാപന അവലോകന യോഗം ഉത്തരമേഖലാ വനം കൺസർവേറ്റർ കെ എസ്‌ ദീപ ഉദ്‌ഘാടനംചെയ്തു. വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്‌ അധ്യക്ഷനായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ശലഭ നിരീക്ഷകരായ ഡോ. ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വിളപ്പിൽ, വി കെ ചന്ദ്രശേഖരൻ എന്നിവർ സർവേ വിവരങ്ങൾ ക്രോഡീകരിച്ചു. കാൽനൂറ്റാണ്ടായി നടക്കുന്ന സർവേയിൽ ഇത്തവണയാണ്‌ ഏറ്റവുമധികം ആൽബട്രോസ്‌ പൂമ്പാറ്റകളുടെ ദേശാടനമുണ്ടായതെന്ന്‌ അവലോകനയോഗം വിലയിരുത്തി. പതിനായിരത്തോളം ശലഭങ്ങൾ വരെ പുഴത്തിട്ടകളിൽ കൂട്ടം കൂടിയതായി നിരീക്ഷിച്ചു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പുള്ളിവാലൻ, ബുദ്ധമയൂരി, റോസി, തളിർനീലി, ഓക്കില, മലബാർ റോസ് തുടങ്ങി പതിനേഴിനം ശലഭങ്ങളെയും കണ്ടെത്തി. ചീങ്കണ്ണിപ്പുഴയിലെ മണലൂറ്റൽ ആൽബട്രോസ് ശലഭങ്ങളുടെ കൂട്ടം ചേരലിന് പ്രതികൂലമാകുമെന്ന്‌ സർവേ വിലയിരുത്തി. ആറളത്തെ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കണമെന്നും സർവേ സംഘം ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!