Connect with us

Kerala

വീട് വെക്കുന്നതിന് ഭൂമി തരം മാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണം, ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Published

on

Share our post

വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നഗര പരിധിയില്‍ 5 സെന്റിലും ഗ്രാമങ്ങളില്‍ 10 സെന്റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ ആവശ്യമായ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അനുവാദം നല്‍കണം. നെല്‍വയല്‍ നിയമം വരുന്നതിനു മുന്‍പ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളില്‍ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസ്ട്രിക്ട് മൈനിങ് ഫണ്ട് ഉപയോഗപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് മുഖേന ജില്ലാതലത്തില്‍ കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചിക്കുന്ന നൂതന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ളവ ഈ ഫണ്ടിലൂടെ സ്ഥാപിക്കാനാകണം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യണം. വിവിധ നിര്‍മ്മാണ പദ്ധതികള്‍, റോഡ്, റെയില്‍വേ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. സര്‍വ്വേയര്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസ്സങ്ങള്‍ ഉണ്ടാകാതെ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്തി പറഞ്ഞു.

കളക്ടറേറ്റുകളിലെ ഫയല്‍ തീര്‍പ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ആവശ്യമെങ്കില്‍ പ്രത്യേക അദാലത്ത് വിവിധ തലത്തില്‍ നടത്തണം. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം. പ്രധാന മാര്‍ക്കറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.ജില്ലകളില്‍ റോഡപകടങ്ങള്‍ തടയുന്നതിന് മോട്ടോര്‍ വാഹന വകുപ്പും, പോലീസും ജില്ലാ കലക്ടറും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിന് നടപടികളുണ്ടാവണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോര്‍ജ്ജ പഞ്ചായത്താക്കണം. വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നിര്‍മിക്കുന്ന വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം സിയാല്‍ സ്ഥാപിക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും വ്യാപകമാക്കണം.

സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ മത്സ്യകൃഷി നല്ല രീതിയില്‍ നടത്തിയിരുന്നു, അത് തുടരുകയും കൂടുതല്‍ വിപുലമാക്കുകയും വേണം. അന്താരാഷ്ട്ര തലത്തില്‍ സാല്‍മണ്‍ മത്സ്യകൃഷി ചെയ്യുന്ന ഏജന്‍സികളുമായി സഹകരിച്ച് ഡാമുകളില്‍ ഉള്‍പ്പെടെ വളര്‍ത്താന്‍ പദ്ധതിയുണ്ടാക്കണം. വന്യമൃഗങ്ങള്‍ ജനജീവിതത്തിനും കര്‍ഷകര്‍ക്കും വ്യാപകമായി ആപത്ത് ഉണ്ടാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നടപടികളുണ്ടാവണം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതില്‍ ശക്തമായ നടപടികള്‍ തന്നെ തുടര്‍ന്നും സ്വീകരിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു.നദികള്‍, ജലാസംഭരണികള്‍ മറ്റ് ജലസ്രോതസ്സുകള്‍ എന്നിവിടങ്ങളില്‍ നിറഞ്ഞ ചെളിയും പാറയും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകണം. ജില്ലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്തി നിര്‍ദ്ദേശിച്ചു.മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി ആര്‍ അനില്‍, ഡോ. ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post

Kerala

മണി കെട്ടാൻ വിജിലൻസ്; 200 അഴിമതിക്കാരുടെ പട്ടിക തയ്യാർ, കെണിവെച്ച് പിടിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും ചെറുക്കാൻ ഊർജ്ജസ്വലരായി പ്രവർത്തിക്കണമെന്ന് വിജിലൻസ് ഡയറക്ടർ. വിജിലൻസ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. അഴിമതിക്കാരെ കൈയോടെ പിടികൂടുകയെന്ന ലക്ഷ്യം മുൻനിർത്തി കൈക്കൂലിക്കാരായ 200 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. വിജിലൻസ് ഇൻ്റലിജൻസ് വിഭാഗമാണ് പട്ടിക തയ്യാറാക്കിയത്.പട്ടികയിൽ ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ റവന്യൂ വകുപ്പിൽ നിന്നാണ്. ഈ ഉദ്യോഗസ്ഥരെ നിരന്തരമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തിൽ വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടു.

ഇവരെ കുരുക്കാൻ മാസത്തിൽ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നാണ് വിജിലൻസ് എസ്‌പിമാരോട് ആവശ്യപ്പെട്ടത്. അതിനായി ജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഒപ്പം വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാസം തോറും വിലയിരുത്താനും തീരുമാനമുണ്ട്. വിജിലൻസ് ഡിഐജിക്കാണ് ഇതിൻ്റെ ചുമതല. പ്രവർത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും ഡയറക്ടർ യോഗേഷ് ഗുപ്തയുടെ മുന്നറിയിപ്പിൽ പറയുന്നു. ഒന്നര വർഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകൾ വിജിലൻസിലുണ്ടെന്നും വിജിലൻസ് ഡയറക്ടർ വിമർശിച്ചു.


Share our post
Continue Reading

Kerala

ആമസോണിൽ നിന്ന് മരുന്നും സേർച്ച് ചെയ്ത് വാങ്ങാം

Published

on

Share our post

ആമസോൺ വഴി ഇനി മരുന്നുകൾ ഓൺലൈനായി വാങ്ങാം.പോസ്റ്റ് ഓഫിസ് സേവനമുള്ള എവിടെയും ഓൺലൈൻ മരുന്ന് ഡെലിവറി സംവിധാനമായ ‘ഫാർമസി’ വഴി മരുന്നുകൾ എത്തിച്ചു നൽകുമെന്ന് ആമസോൺ അറിയിച്ചു.നിലവിലുള്ള ആമസോൺ ആപ്പിൽ പ്രത്യേക വിഭാഗമായാണ് ‘ഫാർമസി’ ലഭ്യമാകുന്നത്. മറ്റ് ഉൽപന്നങ്ങൾ വാങ്ങുന്നത് പോലെ തന്നെ മരുന്നുകളും സേർച് ചെയ്ത് വാങ്ങാനാവും.കുറിപ്പടി ആവശ്യമുള്ളവയ്ക്ക് അവ അപ്‌ലോഡ് ചെയ്യാനും ഓൺലൈനായി ഡോക്ടറുമായി സംസാരിക്കാനുള്ള സംവിധാനവും ഫാർമസിയിലുണ്ട്.മരുന്നുകൾക്ക് പുറമേ മെഡിക്കൽ ഉപകരണങ്ങളും ആമസോണിലൂടെ വാങ്ങാം.ഓൺലൈൻ സംവിധാനങ്ങൾ മരുന്ന് വിതരണത്തിലെ സുരക്ഷയും സുതാര്യതയും തകർക്കുമെന്നാണ് ഫാർമസി അസോസിയേഷനുകൾ ആരോപിക്കുന്നു.


Share our post
Continue Reading

Kerala

‘ഞാൻ വട്ടം വരയ്ക്കാം’; നിലവിളിച്ച് കരയുമ്പോഴും അട്ടഹസിച്ച് ക്രൂരത; കോട്ടയത്തെ റാഗിങ് ദൃശ്യം പുറത്ത്

Published

on

Share our post

കോട്ടയം: ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.ശരീരമാസകലം ലോഷന്‍ പുരട്ടിയ നിലയില്‍ തോര്‍ത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടനിലയിലാണ് ജൂനിയര്‍ വിദ്യാര്‍ഥി കട്ടിലില്‍ കിടക്കുന്നത്. തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡര്‍ കൊണ്ട് കുത്തിമുറിവേല്‍പ്പിക്കുകയായിരുന്നു. വണ്‍, ടൂ, ത്രീ എന്നുപറഞ്ഞാണ് ഓരോയിടത്തും ഡിവൈഡര്‍ കൊണ്ട് കുത്തുന്നത്. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും ‘സെക്‌സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വിദ്യാര്‍ഥി കരഞ്ഞുനിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ചുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കില്‍ കണ്ണ് അടച്ചോയെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിക്കുന്നത്. ഡിവൈഡര്‍ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേല്‍പ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയര്‍ വിദ്യാര്‍ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരത അവസാനിപ്പിക്കുന്നില്ല. വിദ്യാര്‍ഥിയെ ഉപദ്രവിച്ച് അട്ടഹസിക്കുന്നത് ഇവര്‍ തുടരുകയായിരുന്നു.കഴിഞ്ഞദിവസമാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.

നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പീഡനത്തിനിരയായ വിദ്യാര്‍ഥികളുമൊന്നിച്ച് പ്രതികളായ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നു. മൊബൈലില്‍ ചിത്രീകരിച്ച മദ്യപാനരംഗങ്ങള്‍ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങള്‍ക്കുമുന്‍പ് പീഡനം തുടങ്ങുന്നത്. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ മുറിയില്‍ ഉച്ചത്തില്‍ പാട്ടും വെക്കും. എല്ലാ ആഴ്ചകളിലും ജൂനിയര്‍ വിദ്യാര്‍ഥികള്‍ 800 രൂപവീതം സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപാനത്തിനായി നല്‍കണമായിരുന്നു. പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം തുടര്‍ന്നത്. ഇയാള്‍ കെ.ജി.എസ്.എന്‍.എ.യുടെ ഭാരവാഹിയാണ്. ഇടത് അനുകൂല സംഘടനയാണിത്.തിങ്കളാഴ്ച പ്രതികള്‍ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാഞ്ഞതിനെത്തുടര്‍ന്ന് ക്രൂരമര്‍ദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാര്‍ഥി വീട്ടില്‍ അറിയിച്ചതും പരാതിയിലേക്കെത്തിയതും.

വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍, ഹോസ്റ്റലില്‍നിന്ന് പുറത്താക്കി

ഗാന്ധിനഗര്‍(കോട്ടയം): ഗാന്ധിനഗര്‍ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ ജി.എന്‍.എം. വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. സംഭവം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചെന്നും നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലിനി ജോസഫ് പറഞ്ഞു. റാഗിങ് നടന്നതായി ബേധ്യപ്പെട്ടതിനെത്തുടര്‍ന്ന്, നിയമപരമായ എല്ലാ തുടര്‍നടപടികളും സ്വീകരിച്ചെന്നും അവര്‍ പറഞ്ഞു.
ഇരയായ കുട്ടിയുടെ രക്ഷാകര്‍ത്താവ്, ക്ലാസ് ടീച്ചറോട് ചൊവ്വാഴ്ച രാവിലെ വിളിച്ചുപറയുമ്പോഴാണ് റാഗിങ് വിവരം കോളേജില്‍ അറിഞ്ഞത്. ക്ലാസ് ടീച്ചര്‍, പ്രിന്‍സിപ്പലിനെയും മറ്റ് അധ്യാപകരെയും അറിയിച്ചു. പരാതി പറഞ്ഞ വിദ്യാര്‍ഥിയെയും സഹവിദ്യാര്‍ഥികളെയും വിളിച്ചുവരുത്തി വിവരങ്ങള്‍ തിരക്കി. കോളേജ് അധ്യാപകരുടെ യോഗം വിളിച്ചു. അടിയന്തര പി.ടി.എ. യോഗവും ചേര്‍ന്നു. വിദ്യാര്‍ഥികള്‍ പീഡനവിവരങ്ങള്‍ എഴുതിത്തന്നതിനെത്തുടര്‍ന്ന് പരാതി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്കും എസ്.പി. ഓഫീസിലേക്കും കൈമാറുകയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.

കര്‍ശന നടപടി എടുക്കണമെന്ന് കെ.ജി.എസ്.എന്‍.എ.

കോട്ടയം: ഗവ.മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ജി. എന്‍.എം.വിദ്യാര്‍ഥികളെ റാഗ് ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.കെ.ജി.എസ്.എന്‍.എ.യുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അഞ്ച് വിദ്യാര്‍ഥികളെയും ഫെബ്രുവരി 11-ന് പുറത്താക്കിയിരുന്നു.റാഗിങ്ങിന് വിധേയരായ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായും സംഘടനാപരമായും പൂര്‍ണപിന്തുണ നല്‍കുമെന്നും കെ.ജി.എസ്.എന്‍.എ. സംസ്ഥാന പ്രസിഡന്റ് അശ്വതി അജയന്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!