നാളെമുതൽ കാനനപാതവഴി തീർഥാടകർക്ക് പ്രവേശനമില്ല; പമ്പയിലും സന്നിധാനത്തും ഭക്ഷണംപാകംചെയ്യാൻ അനുവാദമില്ല

ശബരിമല: ശനിയാഴ്ച മുതല്‍ കാനനപാതവഴി ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണിത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകംചെയ്യുന്നതും നിരോധിച്ചു. പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ടെന്ന് എ.ഡി.എം. അരുണ്‍ എസ്. നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യൂവില്‍ 12-ന് 60,000 പേര്‍ക്ക്, 13-ന് 50,000, 14-ന് 40,000 എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ബുക്കിങ് അനുവദിക്കുക.
മകരസംക്രമദിനത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര, 12-ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്ന് പുറപ്പെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. 15 മുതല്‍ 18 വരെ നെയ്യഭിഷേകത്തിനുശേഷം ഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ട്. 14 മുതല്‍ അഞ്ചുദിവസം കളമെഴുത്തുണ്ട്.
14 മുതല്‍ 17 വരെ പതിനെട്ടാംപടി വരരെയും 18-ന് ശരംകുത്തിയിലേക്കും എഴുന്നള്ളത്തുണ്ട്. 19-ന് മണിമണ്ഡപത്തിന് മുന്നില്‍ ഗുരുതി. 20-ന് ശബരിമല നടയടക്കും. അന്ന് പന്തളം രാജാവിന് മാത്രമേ ദര്‍ശനമുള്ളൂ.12-ന് പമ്പാസംഗമം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ജയറാം മുഖ്യാതിഥിയാകും. 14-ന് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ ഹരിവരാസനം പുരസ്‌കാരം, സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്തും പരിസരങ്ങളിലും തീര്‍ഥാടകര്‍ ഭക്ഷണം പാചകം ചെയ്യുന്നത് തടയണം – ഹൈക്കോടതി
ശബരിമല സന്നിധാനത്തും പരിസരങ്ങളിലും തീര്‍ഥാടകര്‍ ഭക്ഷണം പാചകം ചെയ്യുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും തടയണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷണം തയ്യാറാക്കാന്‍ തീര്‍ഥാടകര്‍ പാചകവാതക സിലിന്‍ഡറുകളായി സന്നിധാനത്തേക്കു പോകുന്നത് തടയണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പാചകത്തിനായി കൊണ്ടുപോകുന്ന പാത്രങ്ങളും സിലിന്‍ഡറുകളും പോലീസ് പിടിച്ചെടുക്കണം.മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സില്‍ 24 മണിക്കൂറും ഭക്ഷണവിതരണമുണ്ടെന്നിരിക്കേ, തീര്‍ഥാടകര്‍ക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. പരമ്പരാഗത പാതയായ എരുമേലി, മുക്കുഴി വഴിയുള്ള തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ പാതയിലൂടെയുള്ള തീര്‍ഥാടനം ആചാരത്തിന്റെ ഭാഗമാണെന്നും പൂര്‍ണ നിരോധനം പ്രായോഗികമല്ലെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ അഡ്വ. ജി. ബിജു അറിയിച്ചു. 12-ന് രാവിലെ 8 മുതല്‍ 15-ന് ഉച്ചയ്ക്ക് 2 വരെ പമ്പയില്‍ വാഹന പാര്‍ക്കിങ്ങും അനുവദിക്കില്ല.
എരുമേലി: ശബരിമല മണ്ഡലകാലത്തില്‍ ഇനി സൗഹൃദം തുളുമ്പുന്ന രാപകലുകള്‍. ആത്മബന്ധങ്ങളുടെ പുണ്യവുമായി വെള്ളിയാഴ്ച ചന്ദനക്കുടം ഉത്സവവും ശനിയാഴ്ച എരുമേലി പേട്ടതുള്ളലും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്ദനക്കുടം ആഘോഷത്തിന് മുന്നോടിയായുള്ള മതസൗഹൃദ സദസ്സ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്യും. ജമാഅത്ത് പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷതവഹിക്കും.
ജമാഅത്ത് ഭാരവാഹികളും, അമ്പലപ്പുഴ, ആലങ്ങാട് പേട്ടസംഘങ്ങളും വിവിധ സമുദായപ്രതിനിധികളും പങ്കെടുക്കും. മസ്ജിദില്‍ മഗ്രിബ് നമസ്‌കാരത്തിനുശേഷം 6.15-ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനംചെയ്യും. ഏഴിന് ചന്ദനക്കുടം ഘോഷയാത്ര മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ളാഗോഫ് ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകള്‍ അണിനിരക്കുന്ന ചന്ദനക്കുടം ഘോഷയാത്രയില്‍ വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും മാറ്റുകൂട്ടും.ആദ്യം പേട്ടതുള്ളുന്നത് അമ്പലപ്പുഴ സംഘം
എരുമേലി: ശനിയാഴ്ചയാണ് പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളല്‍. സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ സംഘത്തെ നയിക്കും. അമ്പാടത്ത് എ.കെ. വിജയകുമാറാണ് ആലങ്ങാട് യോഗം പെരിയോന്‍. ആദ്യം പേട്ടതുള്ളുന്നത് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴക്കാരാണ്.
രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. വിവിധ ചായങ്ങള്‍ തേച്ച് രൗദ്രഭാവമാണ് അമ്പലപ്പുഴ പേട്ടതുള്ളലിന്റെ പ്രത്യേകത. ഉത്തരീയം ചുറ്റി ഭസ്മവും കളഭവും തേച്ച് ചിന്തുപാട്ടിന്റെ അകമ്പടിയില്‍ ശാന്തമായാണ് ആലങ്ങാട് പേട്ടതുള്ളല്‍.