പി.ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് പത്ത് മുതൽ 12 വരെ തൃശ്ശൂർ സംഗീത അക്കാദമി ഹാളിൽ പൊതുദർശനം

അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. 10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂർ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കാരം.
ഒന്നിനി ശ്രുതി താഴ്ത്തി, നിലച്ചത് ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ഭാവനാദം; 5 ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങൾ
ആറു പതിറ്റാണ്ട് കാലം തെന്നിന്ത്യൻ ചലച്ചിത്ര ഗാനശാഖയിൽ നിറഞ്ഞ സ്വരമാണ് വിടവാങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്‍റെ സ്വരമാധുര്യം തിളങ്ങി നിന്നു. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രൻ തന്‍റെ ശബ്ദത്തിലൂടെ ജീവൻ നൽകിയത്. മെലഡി കിങായിരുന്ന പി ജയചന്ദ്രൻ പ്രായം നമ്മിൽ മോഹം നൽകി പോലുള്ള പാട്ടുകളിലൂടെ യുവത്വത്തെയും ഹരംകൊള്ളിച്ചു. എണ്‍പതാം വയസിലാണ് മലയാളത്തിന്‍റെ ഭാവ ഗായകന്‍റെ വിയോഗം. ഇന്നലെ രാത്രിയാണ് പി ജയചന്ദ്രന്‍റെ മരണം.