പരിക്കിനെ വിജയത്തിന്റെ പരിചയാക്കി ആശിഷ്

പയ്യന്നൂർ: സംസ്ഥാന കലോത്സവത്തിന് നാലു നാൾ മുമ്പാണ് ആശിഷിന് കാൽക്കുഴക്ക് പരിക്ക് പറ്റിയത്. പ്ലാസ്റ്ററിടാനായിരുന്നു ഡോക്ടറുടെ നിർദേശം. എന്നാൽ, പ്ലാസ്റ്ററിട്ടാൽ മത്സരിക്കാനാവില്ല. തുണി കെട്ടി രണ്ടും കൽപിച്ച് സ്റ്റേജിലിറങ്ങി.അങ്ങെന പരിക്കിനെ പരിചയാക്കി ഹയർ സെക്കൻഡറി വിഭാഗം പരിചമുട്ടുകളിയിൽ സഹതാരങ്ങളോടൊപ്പം മാറ്റുരച്ചു. ഫലം വന്നപ്പോൾ എ ഗ്രേഡ്. വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് ആശിഷ് പരിക്കിനോടു പൊരുതി വിജയത്തിളക്കം സമ്മാനിച്ചത്.വേദന കടിച്ചമർത്തി ടീമിന്റെ രക്ഷകനായ ആശിഷ് കലോത്സവത്തിലെ മിന്നും താരമായി. പരിശീലകൻ സിബിൻ, അധ്യാപകർ, സഹകളിക്കാർ, കാണികൾ ആശിഷിനെ സ്നേഹംകൊണ്ട് പൊതിഞ്ഞു.വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർഥിയായ ആശിഷ് സ്കൂൾ ലീഡറും മികച്ച ഫുട്ബാൾ താരവുമാണ്. സി.പി.എം കണ്ടോത്ത് കണിയാംവളപ്പ് ബ്രാഞ്ച് സെക്രട്ടറി എം. രാജീവന്റെയും തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂൾ അധ്യാപിക ദീപയുടെയും മകനാണ്. മത്സരശേഷം പ്ലാസ്റ്ററിട്ട് തിരുവനന്തപുരത്ത് വിശ്രമത്തിലാണ് ആശിഷ്. നാട്ടിൽ സാമൂഹിക രംഗത്തും സജീവമാണ് ഈ മിടുക്കൻ.