കോടികളുടെ വെട്ടിപ്പ്; ആക്രി വ്യാപാരിയെ ജി.എസ്.ടി സംഘം അറസ്റ്റ് ചെയ്തു

കൊച്ചി: ആക്രി വ്യാപാരത്തിന്റെ മറവിൽ കോടികളുടെ വെട്ടിപ്പ് നടത്തിയ വ്യാപാരിയെ സംസ്ഥാന ജി.എസ്.ടി. വകുപ്പ് അറസ്റ്റ് ചെയ്തു. പാലക്കാട് ഓങ്ങല്ലൂർ പാലക്കുറിശ്ശി പുത്തൻപീടിക വീട്ടിൽ നാസറാണ് അറസ്റ്റിലായത്. ഏകദേശം 200 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതിൽ 30 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്.ഒരു വർഷമായി ഇയാളുടെ ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങൾ സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എൺപതോളം വ്യാജ രജിസ്ട്രേഷനുകൾ നിർമിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാൾ നികുതി വെട്ടിച്ചിരുന്നത്.അന്വേഷണത്തിൽ ഇടപ്പള്ളി അമൃത ആശുപത്രിയുടെ റിസപ്ഷൻ ലോഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരിൽ പോലും വ്യാജരേഖകൾ ചമച്ച് രജിസ്ട്രേഷനുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാസറിന്റെ വസതിയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം തേവരയിലെ ജി.എസ്.ടി. ഓഫീസിൽ ചോദ്യം ചെയ്യൽ രാത്രിയിലും തുടരുകയാണ്.കഴിഞ്ഞ മേയിൽ സംസ്ഥാന വ്യാപകമായി ആക്രി സ്ഥാപനങ്ങളിൽ ‘ഓപ്പറേഷൻ പാംട്രി’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ആയിരം കോടി രൂപയോളം നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാസറിന്റെ അറസ്റ്റും. ആക്രി കേസുകളിൽ ഇത് നാലാമത്തെ അറസ്റ്റാണ്.