ആപ്പിന് പിറകേ പോയി ആപ്പിലാകേണ്ട; പഠിക്കാനും പഠിപ്പിക്കാനും ‘സമഗ്ര’

Share our post

കണ്ണൂര്‍: പഠനാവശ്യങ്ങള്‍ക്കുവേണ്ടി പല ആപ്പുകള്‍ക്കും പിറകേപോയി ഇനി ആപ്പിലാകേണ്ട. സുരക്ഷിതമായും സൗജന്യമായും എല്ലാ വിഷയവും പഠിക്കാന്‍ സൗകര്യമൊരുക്കി സമഗ്ര പ്ലസ് കൂടെയുണ്ട്.വിദ്യാഭ്യാസരംഗത്ത് ഡിജിറ്റല്‍ പഠനാനുഭവം ഒരുക്കുകയാണ് ലക്ഷ്യം. സംസ്ഥാസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന് കീഴില്‍ കൈറ്റ് വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമാണ് സമഗ്ര ഇ-റിസോഴ്സ് പോര്‍ട്ടല്‍. 2017-ലാണ് സമഗ്ര ആരംഭിച്ചത്. എന്നാല്‍ ഇത്തരം സൗജന്യ പഠന പ്ലാറ്റ്ഫോമുകളുണ്ടായിട്ടും പല കുട്ടികളും രക്ഷിതാക്കളും ഇപ്പോഴും വന്‍തുക ചെലവഴിച്ച് മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്.
ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും അതിനനുബന്ധ പ്രവര്‍ത്തനങ്ങളും സമഗ്ര പോര്‍ട്ടലില്‍ ലഭിക്കും. ഓരോ പാഠഭാഗത്തിന്റെയും വിശദമായ ക്ലാസുകള്‍ ഇതില്‍ കാണാം. വീഡിയോകള്‍, ഓഡിയോകള്‍, പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് കൊടുത്തിട്ടുള്ളത്. ഇതില്‍ ലഭ്യമായ എല്ലാ ഇ-റിസോഴ്സുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കുട്ടികള്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് സഹായകമാകുന്ന രീതിയിലാണ് സമഗ്ര പ്ലസിലെ പ്രവര്‍ത്തനങ്ങള്‍. രക്ഷിതാക്കളുടെ മൊബൈല്‍ഫോണ്‍ വഴി സേവനം പ്രയോജനപ്പെടുത്താം.കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠനമുറി സൃഷ്ടിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും വേണ്ടി ഒന്നിലധികം ലോഗിനും കൊടുത്തിട്ടുണ്ട്.മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയത്തില്‍ എല്ലാ വിഷയങ്ങളുടെയും ഇ-പാഠപുസ്തകങ്ങളും ഇതില്‍ കണാം. samagra.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സമഗ്രയുടെ വിവരങ്ങള്‍ കിട്ടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!