സഹകരണസംഘത്തിൽ നിന്ന് ഒന്നരക്കോടി തട്ടി; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂർ : വ്യാജ വായ്പയിലൂടെയും ബിനാമി വായ്പയിലൂടെയും സഹകരണസംഘത്തിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ കോൺഗ്രസ് നേതാവും അയ്യങ്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ സെബാസ്റ്റ്യൻ പറക്കണശേരി(75) അറസ്റ്റിൽ. അങ്ങാടിക്കടവിലെ ഇരിട്ടി ബ്ലോക്ക് അഗ്രിക്കൾച്ചറൽ ആൻഡ് അലൈഡ് എംപ്ലോയീസ് വെൽഫെയർ സഹകരണ സംഘത്തിലാണ് തട്ടിപ്പു നടന്നത്. ധനാപഹരണത്തിൽ കൂട്ടുപ്രതിയായ സംഘം സെക്രട്ടറി ഒളിവിലാണ്.2006-2023 കാലയളവിൽ ഇടപാടുകാരുടെ പേരിൽ വ്യാജ വായ്പയെടുക്കുകയും കൃത്യസമയത്ത് തിരിച്ചടയ്‌ക്കാമെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് അവരുടെ പേരിൽ ബിനാമി വായ്പ തരപ്പെടുത്തുകയും ചെയ്‌തു. ഇത് തിരിച്ചടയ്‌ക്കാതെ സംഘത്തിന് ഒന്നരക്കോടി രൂപയിലധികം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കരിക്കോട്ടക്കരി പൊലീസ് റജിസ്റ്റർചെയ്ത കേസ് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പാലിവാളിന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. രണ്ടാം പ്രതിയായ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. കെ കീർത്തിബാബുവാണ് അറസ്റ്റുചെയ്തത്.സംഘത്തിലെ അംഗങ്ങൾ ഏൽപ്പിച്ച തുക അടയ്‌ക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് ചെലവഴിച്ചതിന് സെബാസ്റ്റ്യന്റെ പേരിൽ കരിക്കോട്ടക്കരി പൊലീസിൽ മറ്റൊരു കേസുമുണ്ട്. സെബാസ്റ്റ്യൻ മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് അറസ്റ്റ്.