കേൾക്കണം കാണണം ഈ മാതൃക

ഇരിട്ടി:കുടിവെള്ളം മലിനമാക്കരുതേ എന്ന സന്ദേശവുമായി ജലസേചനവിഭാഗം അധികൃതരുടെ മുൻകൈയിൽ പഴശ്ശി ഡാം ശുചീകരിച്ചു. രണ്ട് ഫൈബർ വട്ടത്തോണികളിൽ ഡാമിൽ ഇറങ്ങിയാണ് അധികൃതർ ചവറുകൾ വാരിക്കൂട്ടിയത്. വെളിയമ്പ്രയിലെ പഴശ്ശി ഡാമിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാനാണ് തസ്തികഭേദമില്ലാതെ ജീവനക്കാർ വെള്ളത്തിൽ ഇറങ്ങിയത്. പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങളാണ് നീക്കിയത്. ബാവലി, ബാരാപ്പുഴ പുഴകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിലാണ് മാലിന്യവും പഴശ്ശി അണക്കെട്ടിൽ എത്തുന്നത്. ജില്ലയുടെ കുടിവെള്ള സ്രോതസ്സാണ് പഴശ്ശി ഡാം. ഞായറാഴ്ച പഴശ്ശി ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഴശ്ശി പട്ടികവർഗ റിസർവോയർ സഹകരണസംഘം സഹായത്തോടെയാണ് ശുചീകരിച്ചത്. രണ്ട് വട്ടത്തോണികളുമായി ഡാമിൽ ഇറങ്ങിയാണ് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം ശേഖരിച്ച് നീക്കംചെയ്തത്. എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി, അസി. എൻജിനിയർ കെ വിജില, ജലസേചനവിഭാഗം ജീവനക്കാരായ പ്രജിത്ത്, ജിബിൻ പീറ്റർ എന്നിവരാണ് ശുചീകരണം ഏറ്റെടുത്തത്.