‘പോലീസ് ഉദ്യോഗസ്ഥന്‍’ ഇനിയില്ല, പകരം സേനാംഗം; പ്രതിജ്ഞയിലെ ലിംഗവിവേചനം അവസാനിപ്പിച്ച് പോലീസ്

Share our post

കോഴിക്കോട്: സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തില്‍ മാറ്റം. പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി പുറത്തേയ്ക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായുള്ള പാസിങ് ഔട്ട് പരേഡില്‍ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലെ ‘പോലീസ് ഉദ്യോഗസ്ഥന്‍’ എന്ന വാക്കിലാണ് മാറ്റം. ബാക്കിയുള്ള വാക്യങ്ങളെല്ലാം പഴയതു പോലെ തുടരും. പോലീസുദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്യമാണെന്നും വനിതാസേനാംഗങ്ങള്‍ ഇതേ പ്രതിജ്ഞ ചൊല്ലണമെന്നതുമാണ് നിലവിലുണ്ടായിരുന്ന വിവേചനം.അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ മനോജ് എബ്രഹാമാണ് ആഭ്യന്തരവകുപ്പിന് വേണ്ടി ജനുവരി മൂന്നിന് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ‘ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍’ എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുമെന്നും സര്‍വ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം ‘ഒരു പോലീസ് സേനാംഗമെന്ന നിലയില്‍’ എന്ന് മാറ്റം വരുത്തിക്കൊണ്ടാണ് ഉത്തരവ്. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഡി.ജി.പിമാര്‍ വരെ വനിതകളായി വിവിധ തസ്തികകളില്‍ ജോലിയില്‍ തുടരുമ്പോള്‍ പുരുഷമേധാവിത്വമുള്ള പ്രതിജ്ഞാ വാചകം ഒഴിവാക്കണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് പുതിയ മാറ്റം.

വനിതകളുടെ സ്ഥാനപ്പേരിനൊപ്പം ‘വനിത’ എന്ന് ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ്കോണ്‍സ്റ്റബിള്‍, വനിതാ എസ്.ഐ, വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിനെയാണ് സംസ്ഥാന പോലീസ് മേധാവി 2011-ലെ ഉത്തരവ് പ്രകാരം നിരോധിച്ചത്.ലിംഗനീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബറ്റാലിയനിലും വനിതാസേനാംഗങ്ങളെ ഹവില്‍ദാര്‍ എന്ന് വിളിക്കണമെന്ന് നിര്‍ദേശമുണ്ടായി. 2020-ല്‍ സ്ത്രീ സൗഹൃദവര്‍ഷമായി കേരളാ പോലീസ് ആചരിച്ചപ്പോള്‍ സ്ത്രീകളെ സൂചിപ്പിക്കുന്ന വിവേചന പദങ്ങള്‍ ഒഴിവാക്കാന്‍ അന്നത്തെ ഡി.ജി.പിയും കര്‍ശന നിര്‍ദേശം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!