ശുചിമുറി മാലിന്യം തള്ളൽ പതിവായി; പൊറുതിമുട്ടി നാട്ടുകാർ

എടക്കാട്∙ശുചിമുറി മാലിന്യം തള്ളൽ പതിവായതിനാൽ ജനം വലയുന്നു. എടക്കാട‌് റെയിൽവേ സ്റ്റേഷന് സമീപം മലയ്ക്ക് താഴെ, ചാല–നടാൽ ബൈപാസ്, താഴെചൊവ്വ–കിഴുത്തള്ളി ബൈപാസ് അരികിലെ വയൽ എന്നിവിടങ്ങളിലാണ് രാത്രി വൈകി ശുചിമുറി മാലിന്യം തള്ളൽ പതിവായിട്ടുള്ളത്. എടക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തെ മലയ്ക്ക് താഴെ സർവീസ് റോഡരികിൽ ശുചിമുറി മാലിന്യം തള്ളൽ രൂക്ഷമായതിനെ തുടർന്ന് പൊറുതിമുട്ടിയ ജനം വാർഡ് അംഗം യു.എം.അഫ്സറിന്റെ നേതൃത്വത്തിൽ ഇന്നലെ എടക്കാട് പൊലീസിൽ പരാതി നൽകി.
സ്ഥലത്ത് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡരികിൽ ഇന്നലെയും ശുചിമുറി മാലിന്യം തള്ളിയിട്ടുണ്ടെന്നും കഴിഞ്ഞ മാസം പല തവണ മാലിന്യം തള്ളിയെന്നും പരാതിയിൽ പറയുന്നു. ശുചിമുറി മാലിന്യം തള്ളുന്നതിന് സമീപം നീർച്ചാലുകളും മഴവെള്ളം ഒഴുകി പോകാൻ നിർമിച്ച ഓടകളും ഉള്ളതിനാൽ സമീപത്തെ തോടുകളിലേക്ക് മലിനജലം കലരാനും വീട്ടു കിണറുകൾ അടക്കമുള്ള മറ്റു ജല സ്രോതസ്സുകളിലേക്ക് ഈ മലിനജലം എത്താനും സാധ്യതയുണ്ടെന്നുള്ള ആശങ്കയും പരാതിയിൽ പറയുന്നു.
താഴെചൊവ്വ ബൈപാസ്, ചാല–നടാൽ ബൈപാസ് എന്നിവിടങ്ങളിലെ വയലിലും നീർച്ചാലുകളിലാണ് മലിനജലം തള്ളുന്നത്.താഴെചൊവ്വ ബൈപാസരികിൽ ചെറിയ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് ശുചിമുറി മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച സംഘത്തിലെ യുവാവിനെ കുത്തിപ്പരുക്കേൽപിച്ച സംഭവം മാസങ്ങൾക്ക് മുൻപാണ് നടന്നത്. ഈ സാഹചര്യത്തിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടാലും തടയാനോ, ചോദ്യം ചെയ്യാനോ പരിമിതിയുണ്ടെന്ന നിസ്സഹായതയിലാണ് പരിസരവാസികൾ.