കുതിപ്പിനൊടുവില്‍ കിതച്ച്‌ ബി.എസ്‌.എന്‍.എല്‍; ഒറ്റ മാസം ഒമ്പത് ലക്ഷത്തോളം ഉപഭോക്താക്കളെ നഷ്‌ടം

Share our post

രാജ്യത്ത് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ 2024 ജൂലൈ ആദ്യം 25 ശതമാനം വരെ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്ബനിയായ ബി.എസ്‌.എന്‍.എല്ലിന് ചാകരക്കാലമായിരുന്നു.ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്ബനികളില്‍ നിന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് പുതുതായി ലഭിച്ചത്. ബിഎസ്‌എന്‍എല്ലിന്‍റെ ഈ കുതിപ്പിന് കോട്ടം തട്ടുന്നതായി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എന്‍എല്ലിന് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 2024 നവംബര്‍ മാസം ഗണ്യമായ കുറവുണ്ടായതായി ട്രായ്‌യുടെ കണക്കുകളില്‍ പറയുന്നു. 0.46 ദശലക്ഷം (460,000) മാത്രം പുതിയ ഉപഭോക്താക്കളെ കഴിഞ്ഞ നവംബറില്‍ ബിഎസ്‌എന്‍എല്ലിന് ലഭിച്ചപ്പോള്‍ 0.87 ദശലക്ഷം (870,000) ഉപഭോക്താക്കളെ നഷ്ടമായെന്നാണ് കണക്ക്.

2024 ജൂലൈയിലെ സ്വകാര്യ ടെലികോം കമ്ബനികളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ ഉപഭോക്താക്കള്‍ പോര്‍ട്ട് ചെയ്തും പുതിയ സിം കാര്‍ഡ് എടുത്തും ബിഎസ്‌എന്‍എല്ലിലേക്ക് ഒഴുകിയെങ്കിലും അവര്‍ പ്രതീക്ഷിച്ച സേവനം നല്‍കാന്‍ ബിഎസ്‌എന്‍എല്ലിന് കഴിയാതെപോയതാണ് ഉപഭോക്താക്കളെ ചൊടിപ്പിക്കുന്നത് എന്നാണ് സൂചന. 4ജി വിന്യാസം പുരോഗമിക്കുകയാണെങ്കിലും ബിഎസ്‌എന്‍എല്‍ നെറ്റ്‌വര്‍ക്കിനെ കുറിച്ച്‌ വ്യാപക പരാതികള്‍ ദേശീയ വ്യാപകമായി ഉപഭോക്താക്കള്‍ക്കുണ്ട്. ഡാറ്റ ലഭിക്കുന്നില്ല, കോള്‍ വിളിക്കാനാവുന്നില്ല എന്നിവയാണ് പ്രധാന പരാതികള്‍.കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മറ്റ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് ബിഎസ്‌എന്‍എല്ലിലേക്ക് ചേക്കേറാന്‍ ഉപഭോക്താക്കളുടെ മത്സരമായിരുന്നു രാജ്യത്ത് ദൃശ്യമായത്. 2024 ജൂലൈയില്‍ 0.5 ദശലക്ഷവും, ഓഗസ്റ്റില്‍ 2.1 ദശലക്ഷവും, സെപ്റ്റംബറില്‍ 1.1 ദശലക്ഷവും, ഒക്ടോബറില്‍ 0.7 ദശലക്ഷവും പുതിയ ഉപഭോക്താക്കളെ കിട്ടിയ ബിഎസ്‌എന്‍എല്ലാണ് ഇപ്പോള്‍ പിന്നോട്ടടിക്കുന്നത്. അതേസമയം ജൂലൈയില്‍ 0.31 ദശലക്ഷവും, ഓഗസ്റ്റില്‍ 0.26 ദശലക്ഷവും, സെപ്റ്റംബറില്‍ 0.28 ദശലക്ഷവും, ഒക്ടോബറില്‍ 0.51 ദശലക്ഷവും പേരാണ് ബിഎസ്‌എന്‍എല്‍ വിട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!