പെരിയ ഇരട്ട കൊലപാതക കേസ്: ശിക്ഷാ വിധി ഇന്ന്

Share our post

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമൻ, സി.പി.ഐ.എം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ എന്നിവർ അടക്കം 14 പേർ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സി.പി.ഐ.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ ഉൾപ്പടെ എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ടി രഞ്ജിത്ത്, എ സുരേന്ദ്രൻ എന്നിവർ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പേർക്കെതിരെ ചുമത്തിയത്. പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസർകോട് പെരിയിൽ നടന്നത്. രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!