പിണറായി ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു

Share our post

പിണറായി: ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും 32 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറലും പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന് തന്നെ മാതൃകയാണ് അതിദാരിദ്ര്യ മുക്ത പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നില്ല. ഉറങ്ങുന്നതിന് മുൻപേ അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ടായിരുന്ന നമ്മുടെ പഴയ സംസ്‌കാരമാണ് പുതിയ രീതിയിൽ നടപ്പിലാക്കുന്നത്. താഴെ തട്ടിൽ കിടക്കുന്ന ജനവിഭാഗങ്ങളോട് സംസ്ഥാന സർക്കാരിനുള്ള കരുതൽ കൂടിയാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ അധ്യക്ഷനായി. പഞ്ചായത്ത് അസി സെക്രട്ടറി സി രാജീവൻ, വിഇഒ സി വി സിനൂപ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി നിസാർ അഹമ്മദ്, മുരിക്കോളി പവിത്രൻ, സി എം സജിത, പഞ്ചായത്ത് വൈസ് പ്രസിണ്ടഡ് എൻ അനിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രമീള, സ്ഥിരം സമിതി അധ്യക്ഷരായ പി.വി വേണുഗോപാൽ, കെ ഹംസ, പ്രൊജക്ട് ഡയറക്ടർ ടി രാജേഷ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി എൻ ഗംഗാധരൻ, സി കെ ഗോപാലകൃഷ്ണൻ, വി.കെ ഗിരിജൻ, തലശ്ശേരി കോ ഓപ് ഹോസ്പിറ്റൽ വൈസ് പ്രസിഡണ്ട് ടി സുധീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി വി രത്നാകരൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!