പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

Share our post

പേരാവൂർ: ഡോക്ടർമാരുടെ കുറവ് കാരണം പ്രതിസന്ധിയിലായ പേരാവൂർ താലൂക്കാസ്പത്രിയിൽ രോഗികൾക്ക് ലഭ്യമായിരുന്ന വിവിധ സൗജന്യ സേവനങ്ങൾ കൂടി പുതുവർഷത്തിൽ നിലച്ചു. 18 വയസിനു താഴെ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ കിരണം, ഗർഭിണികൾക്കുംനവജാത ശിശുക്കൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ജനനി-ശിശു സുരക്ഷാ പദ്ധതി, ഗവ.ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മെഡിസെപ്പ് , പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതി തുടങ്ങിയവയാണ്നിലച്ചത്.

ഇത്തരം വിഭാഗങ്ങളുൾപ്പെടുന്നവർക്ക് മരുന്നുകൾ നല്കാൻ കരാർ ഏറ്റെടുത്ത മെഡിക്കൽ ഷോപ്പും ടെസ്റ്റുകൾ നടത്താൻ കരാറെടുത്ത ലാബും ജനുവരി ഒന്ന് മുതൽ സേവനം പൂർണമായും നിർത്തിയതോടെയാണ് ചികിത്സാ സംവിധാനം പ്രതിസന്ധിയിലായത്. മെഡിക്കൽ ഷോപ്പിന് കരാറെടുത്ത വകയിൽ രണ്ടര വർഷത്തെ ആരോഗ്യകിരണം ഫണ്ടും രണ്ട് വർഷമായി ട്രൈബൽ ഫണ്ടും ഒരു വർഷത്തെ ജനനി-ശിശു സുരക്ഷാ ഫണ്ടും ആരോഗ്യവകുപ്പ് നല്കാനുണ്ട്.

2022 ഏപ്രിൽ മുതൽ ഒക്ടൊബർ വരെ മാത്രം 12, 98, 000 രൂപ ആരോഗ്യകിരണം പദ്ധതിയിൽ കരാറുകാരന് ആരോഗ്യവകുപ്പ് നല്കണം. ഈ തുകയെങ്കിലും തത്കാലം ലഭിച്ചാൽ മാത്രമെ മരുന്നുകൾ നല്കാനാവൂ എന്ന് കാണിച്ച് ആസ്പത്രി സൂപ്രണ്ടിന് കത്ത് നല്കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സൗജന്യമായി ലഭിക്കേണ്ട മരുന്നു വിതരണം നിലച്ചത്. സമാന രീതിയിലാണ് ലാബും ടെസ്റ്റുകൾ നിർത്തിയത്. സൗജന്യ സേവനം നിലച്ചതോടെ മലയോരത്തെ നൂറുകണക്കിന് നിർധന രോഗികൾ ദുരിതത്തിലായി.

രാത്രികാല അത്യാഹിത വിഭാഗം പുനരാരംഭിച്ചില്ല

ഡോക്ടർമാരുടെ കുറവ് കാരണം രാത്രികാല അത്യാഹിത വിഭാഗം നിർത്തിയതോടെ രോഗികൾ കൂടുതൽ ദുരിതത്തിലാവുകയാണ്. 40 കിലോമീറ്റർ ദൂരെയുള്ള തലശേരി ജനറലാസ്പത്രിയിലോ 50 കിലോമീറ്ററിലധികം ദൂരെയുള്ള ജില്ലാ ആസ്പത്രിയിലോ രോഗിയുമായി രാത്രി പോകണമെങ്കിൽ 108 ആമ്പുലൻസിന്റെ സേവനവും ലഭിക്കില്ല. അത്യാഹിത വിഭാഗത്തിൽ രാത്രികാല സേവനം ലഭ്യമാക്കാനാവശ്യമായ നടപടികൾ ആസ്പത്രി അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!