നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിൽ ഇലക്ട്രിക് ട്രെയിനുകള്‍ കുതിച്ചുപാഞ്ഞു തുടങ്ങി, ഇനി കുറച്ച് വേഗമെത്താം

Share our post

നിലമ്പൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ ആദ്യ വൈദ്യുതി തീവണ്ടി ഓടി. ചൊവ്വാഴ്ച രാവിലെ 11:30 ന് നിലമ്പൂരിലെത്തിയ കോട്ടയം-നിലമ്പൂര്‍ തീവണ്ടിയാണ് നിലമ്പൂരിന്റെ റെയില്‍വേ ചരിത്രത്തില്‍ ആദ്യ വൈദ്യുതി വണ്ടിയെന്ന ഖ്യാതിയില്‍ എത്തിയത്. ഈ പാതയില്‍ ഏതാനും മാസം മുന്‍പ് പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായിരുന്നു. പരിശീലന ഓട്ടവും മുന്‍പ് നടത്തി പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു.പുതിയ റെയില്‍േവ ടൈംടേബിളെത്തുന്നതിന്റെ മുന്നോടിയായാണ് ഇപ്പോള്‍ വൈദ്യുതി തീവണ്ടി ഓടിത്തുടങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയ -കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ്സിന്റെ എന്‍ജിന്‍ ഡീസല്‍ എന്‍ജിനായിരുന്നു. തുടര്‍ന്ന് 11:30 ന് നിലമ്പൂരിലെത്തിയ കോട്ടയം-നിലമ്പൂര്‍ വണ്ടിയാണ് വൈദ്യുതി വണ്ടിയായെത്തിയത്.നിലമ്പൂര്‍-മൈസൂരു റെയില്‍വേ കര്‍മ്മ സമിതി പ്രവര്‍ത്തകരായ ജോഷ്വാ കോശി, അനസ് യൂണിയന്‍, കണ്ണാട്ടില്‍ ബാപ്പു തുടങ്ങിയവരെത്തി തീവണ്ടിയുടെ ലോക്കോ പൈലറ്റ് എസ്. ദിലീപിനെ തുളസിമാലയിട്ട് സ്വീകരിച്ചു.അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പ്രവീണ്‍ വേണുഗോപാലും കൂടെയുണ്ടായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു വണ്ടികളും വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയായി ആദ്യ യാത്രാ വണ്ടി ഓടിയ നിലമ്പൂര്‍ പാതയില്‍ മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) വണ്ടികള്‍ ഓടിക്കാന്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം-ഷൊര്‍ണൂര്‍ മെമു, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു എന്നിവ നിലമ്പൂരിലേക്ക് നീട്ടാനാണ് ശുപാര്‍ശ. ചെന്നൈയില്‍ നിന്നും ഡല്‍ഹി റെയില്‍വേ ബോര്‍ഡില്‍ നിന്നുമുള്ള അനുമതികള്‍ ലഭിച്ചാല്‍ അധികം വൈകാതെ ഈ മാസം തന്നെ സര്‍വീസുകള്‍ തുടങ്ങാമെന്നാണ് പാലക്കാട് ഡിവിഷന്റെ പ്രതീക്ഷ. ഈ രണ്ടു വണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ നിലവില്‍ ഉച്ചക്കും വൈകുന്നേരവും ആവശ്യത്തിന് വണ്ടിയില്ലെന്നുള്ള ആക്ഷേപത്തിന് പരിഹാരമാകും. മാത്രമല്ല മറ്റ് നിരവധി വണ്ടികള്‍ക്ക് കണക്ഷന്‍ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.ഷൊര്‍ണ്ണൂരില്‍ നിന്ന് നിലമ്പൂരിലെത്താന്‍ ഇതുവരെ ഒരു മണിക്കൂര്‍ 35 മിനിറ്റ് എടുത്തിരുന്നു. ഇലക്ട്രിക് ആകുന്നതോടെ ഇത് 25 മിനിറ്റ് കുറഞ്ഞ് ഒരുമണിക്കൂര്‍ 10 മിനിറ്റിനകം ലക്ഷ്യത്തിലെത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!