അതിമധുരം ആനവണ്ടിയിലെ ആഘോഷം

തലശേരി: വൈതൽമല –തലശേരി കെ.എസ്.ആർ.ടി.സി ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ പുതുവർഷംവരവേറ്റത് കേക്ക്‌മുറിച്ച്. ആദ്യട്രിപ്പിലായിരുന്നു ആഘോഷം. യാത്രക്കാർക്ക് മധുരം കൈമാറി ബസ് യാത്ര ഇവർ ആഘോഷമാക്കി. ബസിലെ സ്ഥിരം യാത്രക്കാരായ അമ്പതിലേറെപ്പേർ തലശേരിയിലെ വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നവരാണ്. ആനവണ്ടിയിലെ യാത്രക്കാരുടെ കൂട്ടായ്‌മ ഇതിനകം വേറിട്ട ഒരുപാട് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം ഈ കൂട്ടായ്‌മ വിനോദയാത്ര നടത്തിയിരുന്നു. സ്ഥിരംയാത്രക്കാരുടെ വിരമിക്കൽ, – സ്ഥലംമാറ്റം എന്നീ അവസരങ്ങളിലും സമയംകണ്ടെത്തി പ്രത്യേക ചടങ്ങുകളുണ്ടാകും. ബസ് ഇല്ലെങ്കിലോ വൈകുന്നുണ്ടെങ്കിലോ മെസേജുകൾ വഴി പരസ്‌പരം വാട്‌സാപ്പിലൂടെ അറിയിക്കും. ബസ്സിലെ പുതുവർഷാഘോഷത്തിന് കെ പി പ്രേമരാജൻ, പി വി രാജേന്ദ്രൻ, ഇ.വി പുരുഷോത്തമൻ, എ. പി ചന്ദ്രൻ, കെ ശോഭ, ബസ് ജീവനക്കാരായ പി എൻ സുമേശൻ, പി പി രതീഷ്‌കുമാർ എന്നിവർ നേതൃത്വംനൽകി.