വീണ്ടും ഐ.ആര്‍.സി.ടി.സി വെബ്സൈറ്റിൽ തകരാര്‍; പുതുവര്‍ഷ തലേന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതെ വലഞ്ഞ് യാത്രക്കാര്‍

Share our post

ട്രെയിന്‍ യാത്രക്കാര്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആശ്രയിക്കുന്ന ഐആര്‍സിടിസി വെബ്‌സൈറ്റില്‍ വീണ്ടും തകരാര്‍. പുതുവര്‍ഷാഘോഷം പ്രമാണിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്നതായി കാണിച്ച് ഉപയോക്താക്കളുടെ നിരവധി പരാതികളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പുതുവര്‍ഷ തലേന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതെ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍.അടിയന്തര യാത്രയ്ക്ക് മുഖ്യമായി ആശ്രയിക്കുന്ന തത്കാല്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ പത്തുമണിക്കാണ് തത്കാല്‍ ടിക്കറ്റിനുള്ള വിന്‍ഡോ ഓപ്പണ്‍ ആവുന്നത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിന്‍ഡോ ആക്സ്സ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ‘ബുക്കിങ്ങും റദ്ദാക്കലും അടുത്ത മണിക്കൂറില്‍ ലഭ്യമാകില്ല. ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു’- എന്ന വിശദീകരണമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഈ മാസം ഇത് രണ്ടാം തവണയാണ് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ തകരാര്‍ സംഭവിച്ചത്. ഡിസംബര്‍ 26നാണ് ഇതിന് മുന്‍പ് വെബ്‌സൈറ്റ് നിശ്ചലമായത്. ഇന്ന് വീണ്ടും വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത് യാത്രക്കാരുടെ ഇടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ‘എന്തുകൊണ്ടാണ് എന്‍ജിനീയര്‍മാര്‍ക്കും സര്‍ക്കാരിനും ഐആര്‍സിടിസി തത്കാല്‍ തടസ്സത്തിന് പകരമായി ഇതര പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തത്?. തത്കാല്‍ ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കടമ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സംവിധാനത്തിന്റെ ഉദ്ദേശം എന്താണ്?’- ഇത്തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!