മാലിന്യക്കൂനകളില്ലാത്ത കേരളം: സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ വലിച്ചെറിയല്‍ വിരുദ്ധവാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ ‘വലിച്ചെറിയല്‍ വിരുദ്ധ വാരം’ വിജയിപ്പിക്കാന്‍ ഏവരുടെയും സഹകരണം തേടുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ശാസ്ത്രീയ മാലിന്യ സംസ്‌കരണം വലിയ തോതില്‍ പുരോഗമിക്കുമ്പോഴും വലിച്ചെറിയല്‍ ശീലം ഉപേക്ഷിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും ഇതിനായി വിപുലമായ ബോധവത്കരണ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബോധവത്ക്കരണ പരിപാടികളുടെ തുടക്കമായിട്ടാണ് വലിച്ചെറിയല്‍ വിരുദ്ധ വാരം ആചരിക്കുന്നത്. ഒരാഴ്ച കൊണ്ട് പ്രചാരണം അവസാനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നതെന്നും തുടര്‍ച്ചയായ പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.‘ഓരോ പ്രദേശത്തും ഒറ്റത്തവണ ശുചീകരണ പ്രവര്‍ത്തനമല്ല ഉദ്ദേശിക്കുന്നത്, സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം വെക്കുന്നത്. ക്യാമറാ നിരീക്ഷണം ശക്തമാക്കും. മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ വ്യാപകമായി സ്ഥാപിക്കും. ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തും. മാര്‍ച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ ക്യാമ്പയിന്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവര്‍ത്തനങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളെയും സംഘടനകളെയും സജീവമായി പങ്കാളികളാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. എല്ലാ ജങ്ഷനുകളിലും ജനുവരി 20-നുള്ളില്‍ ജനകീയ സമിതികള്‍ രൂപീകരിക്കും.’ – മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്തമായ പൊതുവിടങ്ങള്‍ സൃഷ്ടിക്കാനും സ്‌കൂളുകള്‍, കോളേജുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ മാലിന്യമുക്തമാക്കാനും മാലിന്യം വലിച്ചെറിയല്‍ തുടരുന്നവര്‍ക്കെതിരേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ കര്‍ശനമാക്കാനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു. ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകള്‍ സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വലിച്ചെറിയല്‍ മുക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മാലിന്യ പ്രശ്‌നത്തിലെ നിയമലംഘകര്‍ക്കെതിരെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികള്‍ കൂടുതല്‍ ശക്തമാക്കും.
ക്യാമ്പയിന്റെ വിജയത്തിനായി തദ്ദേശ സ്ഥാപന തലത്തില്‍ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേര്‍ക്കും. വലിച്ചെറിയല്‍ മുക്തമാക്കേണ്ട പ്രദേശങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെയും ബിന്നുകള്‍ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ഈ യോഗത്തില്‍ ആസൂത്രണം ചെയ്യും. ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും നടത്തും.ഓഫീസുകള്‍ ജനുവരി 7 മുതല്‍ വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന നിലയിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജാഥകള്‍, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ പൊതു പരിപാടികളുടെ ഭാഗമായുള്ള കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, വെള്ളക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും. ഇത് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ സംഘാടകരെ മുന്‍കൂട്ടി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്തമായ ആയല്‍ക്കൂട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ കുടുംബശ്രീയുടെ ചുമതലയില്‍ നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ എണ്ണം, നിലവിലെ സ്ഥിതി എന്നിവ മനസിലാക്കുന്നതിനായി സര്‍വേയും ഭവന സന്ദര്‍ശനവും ജനുവരി 6 മുതല്‍ 12 വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സര്‍വേ ജനുവരി 15 നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.മാലിന്യക്കൂനകളില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കായി 24 കേന്ദ്രങ്ങള്‍ പൂര്‍ണമായി ബയോറെമഡിയേഷന്‍ ചെയ്ത് വൃത്തിയാക്കി. 3.57 ലക്ഷം ടണ്‍ മാലിന്യമാണ് നീക്കിയത്. 10 സ്ഥലത്ത് മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും 25 കേന്ദ്രങ്ങളില്‍ പുതുതായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവ പൂര്‍ത്തിയാകുന്നതോടെ മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നതിനു വേണ്ടി തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളിലെ 3500 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും നിയമനടപടികളുമായി ബന്ധപ്പെട്ട കൈപ്പുസ്തകം തയ്യാറാക്കി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാലിന്യസംസ്‌കരണവുമായി ബന്ധപെട്ട നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍ പ്രബല്യത്തില്‍ കൊണ്ടുവന്നുവെന്നും 2170 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 1131 പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി 3517 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. വിദ്യാലയങ്ങളെ വലിച്ചെറിയല്‍ മുക്തം ആക്കുന്നതിനുവേണ്ടി പൊതു-ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കണക്കെടുപ്പ് 11465 സ്‌കൂളുകളിലും, 169 കോളേജുകളിലും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഗതാഗത വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, ഫിഷറീസ്, ആരോഗ്യ വകുപ്പ് തുടങ്ങി മറ്റുവകുപ്പുകളും ഇതിനായുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു മുന്നോട്ടു പോകുന്നുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.