മാലിന്യം വലിച്ചെറിയൽ: ക്യാമറാ നിരീക്ഷണം ശക്തമാക്കും

Share our post

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം. ബി. രാജേഷ് നിർദ്ദേശം നൽകി. ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തിയാണ് ജനകീയ സമിതികൾ രൂപീകരിക്കുക. ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ജനകീയ ക്യാമ്പയിൻ ഏറ്റെടുക്കുന്നത്.മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതേത്തുടർന്ന് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് തദ്ദേശഭരണ അധ്യക്ഷന്മാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായുള്ള യോഗം കഴിഞ്ഞദിവസം മന്ത്രി എം. ബി. രാജേഷ് വിളിച്ചു ചേർത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!