പ്രധാന റൂട്ടുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ പിന്മാറ്റം; പുതിയ റൂട്ടുകള്‍ സമ്പാദിച്ച് സ്വകാര്യബസുകള്‍

തിരുവനന്തപുരം: പ്രധാന റൂട്ടുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. പിന്മാറുന്ന തക്കത്തിന് പുതിയ റൂട്ടുകള്‍ സമ്പാദിച്ച് സ്വകാര്യബസുകള്‍. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ പുതിയതായി അനുവദിച്ച 30 സ്വകാര്യ പെര്‍മിറ്റുകളില്‍ മിക്കതും കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനനഷ്ടമുണ്ടാക്കുന്നതാണ്.കോര്‍പ്പറേഷന്റെ പാതകളില്‍ ചെറിയ മാറ്റത്തോടെയാണ് സ്വകാര്യബസുകാര്‍ പെര്‍മിറ്റ് നേടുന്നത്. എതിര്‍ക്കുന്നതിനു പകരം സ്വകാര്യബസുകാരുടെ ആവശ്യം കെ.എസ്.ആര്‍.ടി.സി. അംഗീകരിക്കുകയുമാണ്.കോഴഞ്ചേരി-പത്തനംതിട്ട, മണിമല-തിരുവല്ല, ചുങ്കപ്പാറ-തിരുവല്ല, കോന്നി-കൊക്കാത്തോട്, മലയാലപ്പുഴ-തലച്ചിറ എന്നീ പാതകള്‍ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് സ്വകാര്യബസുകള്‍ കൈക്കലാക്കി.മറ്റു ജില്ലകളിലും ഇതേ സ്ഥിതിയാണ്. കോന്നി മെഡിക്കല്‍ കോളേജിലേക്കുള്ള വിവിധ സര്‍വീസുകളും കുറച്ചിട്ടുണ്ട്. ചെയിന്‍ സര്‍വീസുകളില്‍ ബസുകള്‍ കുറച്ച് പരാതിക്കിടയാക്കിയും സ്വകാര്യബസുകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.ചെങ്ങന്നൂര്‍-കൊല്ലം, കോട്ടയം-വൈക്കം, ഹരിപ്പാട്-പത്തനംതിട്ട, കൊല്ലം-പത്തനംതിട്ട സര്‍വീസുകളും കുറച്ചിട്ടുണ്ട്. സ്വകാര്യബസുകാരുമായി മത്സരത്തിനു പോകേണ്ടെന്ന നിര്‍ദേശവും മുകള്‍ത്തട്ടില്‍നിന്നുണ്ട്. സ്വകാര്യബസുകാരില്‍നിന്ന് ഏറ്റെടുത്ത റൂട്ടുകളൊന്നും ഫലപ്രദമായി നടത്താനും കഴിയുന്നില്ല.
സ്റ്റാന്‍ഡില്‍ കയറിയാലും പരാതിയില്ല
കെ.എസ്.ആര്‍.ടി.സി.യും മോട്ടോര്‍വാഹനവകുപ്പും തമ്മിലുള്ള ഏകോപനത്തിലെ പാളിച്ചയും സ്വകാര്യബസുകാര്‍ മുതലെടുക്കുന്നു. ഒരു സ്വകാര്യബസ്സുടമ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍നിന്ന് അനധികൃത റൂട്ട് ബസുകള്‍ ഓടിക്കുന്നുണ്ട്. ഇവരുടെ ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളില്‍വരെ കയറി യാത്രക്കാരെ വിളിച്ചുകയറ്റാറുണ്ട്. എന്നിട്ടും പരാതിപ്പെടാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറല്ല. നടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പും സജ്ജമല്ല.
ഓള്‍ ഇന്ത്യ പെര്‍മിറ്റ് കേസില്‍ സര്‍ക്കാരിനെയും കെ.എസ്.ആര്‍.ടി.സി.യെയും വെല്ലുവിളിച്ചെങ്കിലും ഹൈക്കോടതിയില്‍ തിരിച്ചടിയേറ്റ ബസ്സുടമയും സര്‍വീസുകളുടെ എണ്ണം കൂട്ടുന്നുണ്ട്. മൂലമറ്റത്തുനിന്ന് തിരുവനന്തപുരത്തേക്കാണ് അടുത്ത സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.