നെല്ലാറച്ചാല്‍ വ്യൂ പോയിന്റ് വന്‍ വൈബ്

Share our post

അമ്പലവയല്‍: ക്രിസ്മസ് ദിനത്തില്‍ സന്ദര്‍ശകരെക്കൊണ്ടുനിറഞ്ഞ് നെല്ലാറച്ചാല്‍ വ്യൂപോയിന്റ്. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് സഞ്ചാരികളുമാണ് വൈകീട്ട് നെല്ലാറച്ചാലില്‍ എത്തിയത്. ടൂറിസം ഭൂപടത്തില്‍ ഇടമില്ലെങ്കിലും നെല്ലാറച്ചാല്‍ വ്യൂപോയിന്റ് ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്. പച്ചപുതച്ച മൊട്ടക്കുന്നുകളും അവയെച്ചുറ്റുന്ന കാരാപ്പുഴ ജലാശയത്തിന്റെ മനോഹാരിതയും കാണാന്‍ നെല്ലാറച്ചാല്‍ വ്യൂപോയിന്റിലേക്ക് ആയിരങ്ങളാണ് എത്തുന്നത്. വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വയനാട്ടിലെ ഒരു പ്രധാന ടൂറിസം സ്‌പോട്ടായി നെല്ലാറച്ചാല്‍ മാറിക്കഴിഞ്ഞു.തണുത്തകാറ്റും പ്രകൃതിയൊരുക്കുന്ന സുന്ദരക്കാഴ്ചകളുംകൊണ്ട് വിശ്രമിക്കാന്‍ ഇത്ര മനോഹരമായൊരു ഇടം വയനാട്ടില്‍ വേറെയില്ലെന്ന് ഇവിടെയെത്തുന്നവര്‍ പറയുന്നു. വിശാലമായ കുന്നിന്‍ചെരുവിലെ പുല്‍ത്തകിടിയില്‍ അങ്ങനെയിരിക്കുമ്പോള്‍ നേരംപോകുന്നതറിയില്ല.അവധിദിനങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ധാരാളംപേര്‍ ഇവിടേക്കെത്തുന്നുണ്ട്. ക്രിസ്മസ് ദിനത്തില്‍ നെല്ലാറച്ചാല്‍ സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞു. നഗരത്തിരക്കില്‍നിന്നുമാറി ശാന്തമായി ആസ്വദിക്കാന്‍ കുടുംബസമേതമാണ് സഞ്ചാരികളെത്തുന്നത്. വൈകുന്നേരങ്ങളിലാണ് തിരക്ക്. മണിക്കുന്ന് മലക്കപ്പുറത്തേക്ക് സൂര്യന്‍ മറയുമ്പോള്‍ കാരാപ്പുഴ ജലാശയത്തിന് ഓറഞ്ചുനിറം കൈവരും.ഡിസംബറിലെ തണപ്പൂകൂടിയാകുമ്പോള്‍ നെല്ലാറയിലെ വൈബ് വേറെ ലെവലാകും. ടൂറിസ്റ്റുകളെ പ്രതീക്ഷിച്ച് ചെറിയ കച്ചവടസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങളൊരുക്കി നെല്ലാറച്ചാലിനെ ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്നാവശ്യമുയരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!